< Back
Kerala
അഥവാ ഞാൻ ചത്താൽ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ട്,എന്റെ മോൾ ആത്മഹത്യ ചെയ്യില്ല ; അതുല്യയുടെ അമ്മ
Kerala

'അഥവാ ഞാൻ ചത്താൽ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ട്,എന്റെ മോൾ ആത്മഹത്യ ചെയ്യില്ല '; അതുല്യയുടെ അമ്മ

Web Desk
|
20 July 2025 4:52 PM IST

അതുല്യയുടെ ഭര്‍ത്താവ് സതീഷ് കടുത്ത മദ്യപാനിയായിരുന്നെന്നും മകളെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി അമ്മ

കൊല്ലം: തന്‍റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഷാർജയിൽ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ അമ്മ. അതുല്യയുടെ ഭര്‍ത്താവ് സതീഷ് കടുത്ത മദ്യപാനിയായിരുന്നെന്നും മകളെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി അമ്മ തുളസീഭായി മീഡിയവണിനോട് പറഞ്ഞു.

'അവൻ നല്ലോണം മദ്യപിക്കും..നല്ലോണം ഉപദ്രവിക്കുകയും ചെയ്യും.നാട്ടില്‍ സതീഷിനെതിരെ പീഡനപരാതി നല്‍കിയതാണ്.എന്നാല്‍ രണ്ടു തവണ കൗൺസിലിങ്ങ് നടത്തിയാണ് പരാതി ഒത്തുതീർപ്പാക്കിയത്. ഇക്കാര്യം ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. സ്വന്തം ഇഷ്ടത്തിനാണ് അതുല്യ ഷാർജയിലേക്ക്. 30,000 രൂപക്ക് ഫ്ളാറ്റെടുത്താണ് അവളെ കൊണ്ടുപോയത്. ഞങ്ങളുടെ എതിര്‍പ്പ് മറികടന്ന് മതില്‍ ചാടിക്കടന്നാണ് സതീഷും നാലഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് അതുല്യയെ കൊണ്ടുപോയത്. അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അഥവാ ഞാൻ ചത്താൽ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ട്'..അമ്മ പറഞ്ഞു.

ഫ്‌ളാറ്റ് പൂട്ടി താക്കോലുമായാണ് സതീഷ് പുറത്ത് പോകുന്നതെന്നും അവളെ നല്ലോണം മർദിക്കുമായിരുന്നെന്നും അതുല്യയുടെ പിതൃസഹോദരന്‍ പറഞ്ഞു. അതുല്യയുടെ മരണം കുഞ്ഞിനെ അറിയിച്ചിട്ടില്ല. അച്ഛനെ കുട്ടിക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ അതുല്യയെ മരിച്ച നിലയിൽ കണ്ടത്. വീട്ടുകാരുടെ പരാതിയില്‍ സതീശിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകകുറ്റം ചുമത്തിയാണ് കേസ്. അതുല്യയെ ഭര്‍ത്താവ് സതീഷ് മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും കുടുംബം പുറത്ത് വിട്ടിരുന്നു. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീധന പീഡനം, ശാരീരിക പീഡനം തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തിയാണ് എഫ്. ഐ.ആർ. മകൾ ഒരു കാരണവശാലും ആത്മഹത്യചെയ്യില്ലെന്ന് അച്ഛൻ രാജശേഖരൻ പിള്ള പറഞ്ഞു.

12 വർഷം മുമ്പാണ് അതുല്യയും സതീഷും വിവാഹിതരായത്. രണ്ടുവർഷം മുമ്പ് അതുല്യ യു.എ.ഇയിലെത്തി. ഷാർജയിലെ ഒരു മാളിൽ മാർക്കറ്റിങ് പ്രൊമോട്ടറായി ജോലിയിൽ പ്രവേശിക്കാനിരിക്കേയാണ് മരണം. ഇവരുടെ സഹോദരിയും ഭർത്താവും ഷാർജയിലുണ്ട്. മരിക്കുന്നതിന് തലേന്ന് രാത്രി സഹോദരിയെ സന്ദർശിച്ച് ജോലി ലഭിച്ച വിവരവും പങ്കുവെച്ച് മടങ്ങിയതാണ് അതുല്യ. രാവിലെയാണ് മരണവാർത്ത അറിയുന്നത്. പുലർച്ചെ മൂന്നോടെ അജ്മാനിൽ നിന്ന് ഫ്ലാറ്റിലെത്തിയ ഭർത്താവാണ് ഷാർജ പൊലീസിൽ മരണ വിവരമറിയിച്ചത്.


Similar Posts