< Back
Kerala
അമ്മയെക്കാൾ മനോഹരമായി മകൻ്റെ സ്വപ്നങ്ങളെ മറ്റാര് തിരിച്ചറിയും?;  മകന്‍ ബാക്കി വെച്ച ഹ്രസ്വ ചിത്രം പൂര്‍ത്തിയാക്കി ഒരമ്മ
Kerala

അമ്മയെക്കാൾ മനോഹരമായി മകൻ്റെ സ്വപ്നങ്ങളെ മറ്റാര് തിരിച്ചറിയും?; മകന്‍ ബാക്കി വെച്ച ഹ്രസ്വ ചിത്രം പൂര്‍ത്തിയാക്കി ഒരമ്മ

Web Desk
|
16 May 2025 8:07 AM IST

സിനിമയെ ഹൃദയത്തോട് ചേർത്ത് നിർത്തിയ കോഴിക്കോട് സ്വദേശി ശരണിന് വാഹനാപകടത്തിലാണ് ജീവൻ നഷ്ടമായത്

കോഴിക്കോട്: മകൻ ബാക്കി വെച്ച സ്വപ്നത്തിന് ജീവൻ നൽകി ഒരു അമ്മ. കോഴിക്കോട് സ്വദേശി ശരൺകൃഷ്ണയുടെ ഹ്രസ്വ ചിത്രമാണ് അമ്മ സോണിയ പൂർത്തിയാക്കിയത് . സിനിമയെ ഹൃദയത്തോട് ചേർത്ത് നിർത്തിയ ശരണിന് വാഹനാപകടത്തിലാണ് ജീവൻ നഷ്ടമായത് . മകൻ്റെ സ്വപ്നങ്ങൾക്ക് ഈ അമ്മ നൽകിയ പ്രാധാന്യമാണ് പിന്നീട് എല്ലാവരും കണ്ടത്.

സിനിമയായിരുന്നു ശരൺകൃഷ്ണ എന്ന 23 കാരൻ്റെ ജീവശ്വാസം . സ്വപ്നത്തിലേക്കുള്ള യാത്രയിൽ മുന്നിൽ വെളിച്ചം തെളിഞ്ഞിരുന്നു . പക്ഷേ പാതിവഴിയിൽ നിന്നും വിധി ശരണിനെ തട്ടിയെടുത്തു . അവൻ്റെ ലക്ഷ്യങ്ങളെയും പ്രിയപ്പെട്ടവരെയും തനിച്ചാക്കി ശരൺ യാത്രയായി.

19 ഹൃസ്വ ചിത്രങ്ങളും ഒരു വെബ് സീരീസും ശരൺ ചെയ്തിട്ടുണ്ട്. ഏറെ ആഗ്രഹിച്ച് ചിത്രീകരണം തുടങ്ങിയ 'ആഞ്ചലിക്ക ഗ്ലോക്കാ' എന്ന ഹ്രസ്വ ചിത്രത്തിൻ്റെ ജോലികൾക്കിടെയായിരുന്നു ശരണിന്‍റെ വിയോഗം. മകൻ്റെ സ്വപ്നങ്ങളുടെ ആഴം അമ്മ സോണിയക്ക് അറിയാം . അവയെ തനിച്ചാക്കാൻ അമ്മ തയ്യാറായില്ല . ശരണിൻ്റെ സുഹൃത്തുക്കളും കൂടെ നിന്നുംശരൺ കൂടെയുണ്ടെന്ന് ചിത്രീകരണത്തിൻ്റെ ഒരോ ഘട്ടത്തിലും സുഹൃത്തുകളും അറിഞ്ഞു .

'ആഞ്ചലിക്ക ഗ്ലോക്കാ' എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്യുമ്പോൾ , ഒരിക്കൽ കൂടെ സംവിധായകനായി ശരണിൻ്റെ പേര് സ്ക്രീനുകളിൽ തെളിയും . ഹൃദയം പൊട്ടുന്ന വേദനയിലും മകൻറെ സ്വപ്നത്തിന് ഒരു അമ്മ നൽകിയ പ്രാധാന്യം കൂടിയാണ് സ്ക്രീനുകളിൽ തെളിയുന്നത് . ഈ അമ്മയെക്കാൾ മനോഹരമായി മകൻ്റെ സ്വപ്നങ്ങളെ മറ്റാര് തിരിച്ചറിയാനാണ്.


Similar Posts