< Back
Kerala
പാരഡി ഗാന ശിൽപികൾക്കെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതം: കെപിസിസി സംസ്‌കാര സാഹിതി
Kerala

പാരഡി ഗാന ശിൽപികൾക്കെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതം: കെപിസിസി സംസ്‌കാര സാഹിതി

Web Desk
|
17 Dec 2025 10:24 PM IST

ശബരിമലയിലെ സ്വർണം അടിച്ചു മാറ്റിയവരെ സംരക്ഷിക്കുന്ന സിപിഎം അതിനെതിരെ പ്രതികരിക്കുന്നവരെ പ്രതികളാക്കുകയാണ് ചെയ്യുന്നതെന്നും സുനിൽ മടപ്പള്ളി

കോഴിക്കോട്: അയ്യപ്പ ഭക്തിഗാനത്തിന്റെ ഈണത്തിൽ ശബരിമല സ്വർണക്കൊള്ളയ്‌ക്കെതിരെ പുറത്തിറങ്ങിയ പാരഡി ഗാനത്തിന്റെ ശിൽപികൾക്കെതിരെ കേസെടുക്കാനുള്ള സിപിഎം നീക്കം രാഷ്ട്രീയ പ്രേരിതവും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റവുമാണെന്ന് കെപിസിസി സംസ്‌കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മടപ്പള്ളി. ശബരിമലയിലെ സ്വർണം അടിച്ചു മാറ്റിയവരെ സംരക്ഷിക്കുന്ന സിപിഎം അതിനെതിരെ പ്രതികരിക്കുന്നവരെ പ്രതികളാക്കുകയാണ് ചെയ്യുന്നതെന്നും സുനിൽ മടപ്പള്ളി ആരോപിച്ചു.

പാരഡി ഗാനത്തിന്റെ ശിൽപികൾക്കെതിരെയുള്ള ഏത് നീക്കവും ചെറുക്കുമെന്നും സുനിൽ മടപ്പള്ളി പറഞ്ഞു. പാരഡി ഗാന രചയിതാവ് ജി.പി കുഞ്ഞബ്ദുല്ലയുടെ നാദാപുരം ചാലപ്പുറത്തെ വീട്ടിൽ സംസ്‌കാര സാഹിതി നേതാക്കളെത്തി പിന്തുണ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മടപ്പള്ളിയുടെ നേതൃത്വത്തിൽ ജില്ലാ വൈസ് ചെയർമാൻ മുകുന്ദൻ മരുതോങ്കര, നാദാപുരം നിയോജക മണ്ഡലം ചെയർമാൻ പി.കെ സുരേന്ദ്രൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അശോകൻ തൂണേരി, ഭാരവാഹികളായ വി.കെ രജീഷ്, ഫസൽ മാട്ടാൻ, ടി.പി ജസീർ, അലി മാട്ടാൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ജി.പി കുഞ്ഞബ്ദുല്ലയ്‌ക്കെതിരെ കേസെടുത്താൻ ആവശ്യമായ നിയമ സഹായം കോൺഗ്രസ് നൽകുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അറിയിച്ചു.

അതേസമയം, 'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. കേസിൽ നാല് പ്രതികളാണ് ഉള്ളത്. എഫ്ഐആർ പ്രകാരം ജി.പി കുഞ്ഞബ്ദുള്ളയാണ് ഒന്നാം പ്രതി. ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവരാണ് രണ്ട് മുതൽ നാല് വരെയുള്ള പ്രതികൾ.

തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. പാരഡിപ്പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്നും എഫ്ഐആറിലുണ്ട്. അതിനിടെ പാരഡി പാട്ടിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുക.

Similar Posts