< Back
Kerala
തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ
Kerala

തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ

Web Desk
|
4 Dec 2025 12:03 PM IST

തിയേറ്ററുകൾക്കുള്ളിലെ കമിതാക്കളുടെ ദൃശ്യങ്ങളാണ് മുഖം പോലും ബ്ലർ ചെയ്യാതെ പ്രചരിക്കുന്നത്

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ പോൺ സൈറ്റുകളിലും ടെലഗ്രാം, എക്‌സ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നു. തിയേറ്ററുകൾക്കുള്ളിലെ കമിതാക്കളുടെ ദൃശ്യങ്ങളാണ് മുഖം പോലും ബ്ലർ ചെയ്യാതെ സെക്കൻഡുകൾ മാത്രമുള്ള 'ട്രെയ്‌ലർ' എന്ന പേരിൽ വിവിധ എക്‌സ് അക്കൗണ്ടുകളിൽ പങ്കുവെക്കപ്പെടുന്നതെന്ന് 'ദി ന്യൂസ് മിനിറ്റ്' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഇത്തരം വീഡിയോകൾക്കൊപ്പം ടെലഗ്രാം ചാനലുകളിൽ ജോയിൻ ചെയ്യാനുള്ള ലിങ്കുകളും പങ്കുവെക്കപ്പെടുന്നുണ്ട്. ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്താൽ അതിൽ തന്നെ നിരവധി സബ് ചാനലുകളും കാണാനാവും. വിവിധ ഭാഗങ്ങളാക്കി തിരിച്ച നിരവധി സിസിടിവി ദൃശ്യങ്ങൾ പണം നൽകിയാൽ ഡൗൺലോഡ് ചെയ്യാനാവും. പണം അടച്ചതിന്റെ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്യാൻ മാത്രമായി മറ്റൊരു ചാനലും നിലവിലുണ്ട്. സിസിടിവി ദൃശ്യങ്ങളിലുള്ള തിയേറ്ററിലെ സീറ്റുകളിൽ കെഎസ്എഫ്ഡിസിയുടെ ലോഗോ കൃത്യമായി കാണാനാവും.

കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ക്ലൗഡിൽ നിന്ന് യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഹാക്ക് ചെയ്താണ് ഇത്തരത്തിൽ ദൃശ്യങ്ങൾ എടുത്തത് എന്നാണ് സൈബർ പൊലീസ് പറയുന്നത്. സുരക്ഷിതമായ പാസ്‌വേഡ് നൽകാതെ സ്ഥാപിച്ചിരിക്കുന്ന സിസിടിവികൾ ഹാക്ക് ചെയ്തു ദൃശ്യങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ കെൽട്രോൺ ആണ് സിസിടിവി സ്ഥാപിച്ചതെന്നും ഇത് പുറത്തുപോകാൻ സാധ്യതയില്ലെന്നുമാണ് കെഎസ്എഫ്ഡിസിയുടെ പ്രതികരണം.

കെഎസ്എഫ്‍ഡിസിക്ക് കീഴിലുളള തിയെറ്ററുകളിലെ സിസി ടിവി ദൃശ്യം അശ്ലീല സൈറ്റുകളിൽ പ്രചരിച്ചതിൽ ആഭ്യന്തര അന്വേഷണം നടത്തും. കെഎസ്എഫ്‍ഡിസി എംഡി അന്വേഷിക്കുമെന്ന് ചെയർമാൻ കെ. മധു മീഡിയവണിനോട് പറഞ്ഞു...എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് കെഎസ്എഫ്‍ഡിസി ചെയർമാൻ പറഞ്ഞു.

Similar Posts