< Back
Kerala
യാഥാർഥ്യമായിക്കഴിഞ്ഞ ഹിന്ദു രാഷ്ട്രവത്കരണത്തെക്കുറിച്ച് സിപിഎമ്മിന് ആശങ്കകളില്ല, ഒരിക്കലും സംഭവിക്കാനിടയില്ലാത്ത ഇന്ത്യയുടെ ഇസ്‍ലാമികവത്കരണത്തെക്കുറിച്ചാണ് ആധി: മുഹമ്മദലി കിനാലൂര്‍
Kerala

'യാഥാർഥ്യമായിക്കഴിഞ്ഞ ഹിന്ദു രാഷ്ട്രവത്കരണത്തെക്കുറിച്ച് സിപിഎമ്മിന് ആശങ്കകളില്ല, ഒരിക്കലും സംഭവിക്കാനിടയില്ലാത്ത ഇന്ത്യയുടെ ഇസ്‍ലാമികവത്കരണത്തെക്കുറിച്ചാണ് ആധി': മുഹമ്മദലി കിനാലൂര്‍

Web Desk
|
17 Jun 2025 9:27 PM IST

ഇന്ത്യ ഇസ്‌ലാമിക രാഷ്ട്രമാകാനുള്ള വിദൂര സാധ്യത പോലുമില്ല. അങ്ങനെ ഇസ്‍ലാമികവത്കരിക്കാൻ ഏതെങ്കിലും മുസ്‌ലിം സംഘടന ശ്രമിച്ചാലും നടക്കില്ല

കോഴിക്കോട്: ഒരിക്കലും സംഭവിക്കാനിടയില്ലാത്ത ഇന്ത്യയുടെ ഇസ്‍ലാമികവത്കരണത്തെ കുറിച്ച് തുടരെത്തുടരെ ആധിപ്പെടുന്ന സിപിഎം നേതാക്കൾ എന്തുകൊണ്ടാണ് ഇന്ത്യയിൽ യാഥാർഥ്യമായിക്കഴിഞ്ഞ ഹിന്ദു രാഷ്ട്രവത്കരണത്തെ കുറിച്ച് നിലമ്പൂരിൽ വാ തുറക്കാതിരുന്നതെന്ന് കാന്തപുരം വിഭാഗം യുവനേതാവ് മുഹമ്മദലി കിനാലൂര്‍. ജമാഅത്തെ ഇസ്‌ലാമിയുടെ വർഗീയത മാത്രം തുലഞ്ഞാൽ മതിയോ? ആർ എസ് എസിന്‍റെ വർഗീയത തുലയ്(ക്ക)ണ്ടേ? എന്നും ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇന്ത്യ ഇസ്‌ലാമിക രാഷ്ട്രമാകാനുള്ള വിദൂര സാധ്യത പോലുമില്ല. അങ്ങനെ ഇസ്‍ലാമികവത്കരിക്കാൻ ഏതെങ്കിലും മുസ്‌ലിം സംഘടന ശ്രമിച്ചാലും നടക്കില്ല. മുസ്‌ലിം വിശ്വാസികൾക്ക് അങ്ങനെ ശ്രമിക്കാനുള്ള മതപരമായ നിർബന്ധ ബാധ്യതയുമില്ല. രാജ്യത്തെ മുസ്‌ലിം സ്ത്രീകൾ ഒരാൾ പത്തെണ്ണം കണക്കിൽ മത്സരിച്ചു പെറ്റ് കൂട്ടിയാലും അടുത്ത നൂറ്റാണ്ടിലോ അതിന് ശേഷമുള്ള നൂറ്റാണ്ടിലോ പോലും മുസ്‍ലിം ജനസംഖ്യ ഹിന്ദു ജനസംഖ്യക്ക് മുകളിൽ വരില്ല. പക്ഷേ ഇന്ത്യ ഹിന്ദു രാഷ്ട്രമാകാനുള്ള എല്ലാ വഴിയും വാതിലും തുറന്നു കിടപ്പാണ്. അല്ല, ഇന്ത്യ ഹിന്ദു രാഷ്ട്രമായി കഴിഞ്ഞു എന്ന് ആർഎസ്എസ് നേതാക്കളിൽ ചിലർ പരസ്യമായി തന്നെ പ്രസംഗിക്കുന്നുമുണ്ട്.

ഇന്ത്യ ഇസ്‌ലാമിക രാഷ്ട്രം ആകാനുള്ള ഒരു സാധ്യതയും ഇല്ലാതിരുന്നിട്ടും സിപിഎമ്മിന് അക്കാര്യത്തിൽ വലിയ ആശങ്കയുണ്ട്. അതിന്‍റെ കാരണം എനിക്ക് മനസിലാക്കാവുന്നതേയുള്ളൂ. ഇന്ത്യ ഏറെക്കുറെ ഹിന്ദു രാഷ്ട്രമായി മാറിക്കഴിഞ്ഞു. അല്ലെങ്കിൽ അതിന്‍റെ തൊട്ടടുത്തുണ്ട്. എന്നിട്ടും ആ വകയിൽ പിണറായി വിജയനോ ഗോവിന്ദൻ മാഷിനോ ഒരു ആശങ്കയുമില്ല. അതേക്കുറിച്ച് ഒരു പ്രസ്താവനയും എൽഡിഎഫിന്‍റെ നിലമ്പൂർ വേദികളിൽ കേട്ടില്ല!

ജമാഅത്തെ ഇസ്‍ലാമിയോട് കേരളത്തിലെ സുന്നി വിഭാഗങ്ങൾ ഉന്നയിക്കുന്ന പ്രശ്നം വേറെയാണ്. അത് ആദർശപരമാണ്. സിപിഎമ്മിന് അതൊരു രാഷ്ട്രീയ അജണ്ടയാണ്. സുന്നികൾക്ക് പക്ഷേ അതൊരു മതപരമായ പ്രശ്നം ആണ്. അത് ജമാഅത്തെ ഇസ്‍ലാമി ഉണ്ടായ കാലം മുതലുള്ള വിമർശമാണ്. ഇസ്‌ലാമിക രാജ്യത്ത് മാത്രമാണ് വിശ്വസിയുടെ ജീവിതം സമ്പൂർണമാകുന്നത് എന്ന വാദം മതപ്രമാണങ്ങൾക്ക് നിരക്കാത്തതാണ് എന്നാണ് ഒരു സുന്നി മുസ്‌ലിം എന്ന നിലയിൽ ഞാനും പങ്കിടുന്ന വിശ്വാസം. സിപിഎമ്മിനാകട്ടെ ഇത് പക്കാ രാഷ്ട്രീയമാണ്. ജമാഅത്തുകാർ യുഡിഎഫിന് വോട്ട് കൊടുത്തത് മുതലുള്ള ശത്രുതയാണ്. അതിലേക്ക് ഇച്ചിരി വർഗീയത കലക്കി നാല് വോട്ട് നേടാൻ കഴിയുമോ എന്നാണ് അവർ പാലക്കാട്ട് ചിന്തിച്ചത്, ഇപ്പോൾ നിലമ്പൂരിൽ ചിന്തിക്കുന്നത്. അങ്ങനെ വോട്ട് കിട്ടുമെങ്കിൽ കിട്ടിക്കോട്ടേ. അത് അവരുടെ കാര്യം.

പക്ഷേ ഒരു ജനാധിപത്യ വിശ്വാസി എന്ന നിലക്ക് എനിക്കൊരു ചോദ്യമുണ്ട്: ഒരിക്കലും സംഭവിക്കാനിടയില്ലാത്ത ഇന്ത്യയുടെ ഇസ്‍ലാമികവത്കരണത്തെ കുറിച്ച് തുടരെത്തുടരെ ആധിപ്പെടുന്ന സിപിഎം നേതാക്കൾ എന്തുകൊണ്ടാണ് ഇന്ത്യയിൽ യാഥാർഥ്യമായിക്കഴിഞ്ഞ ഹിന്ദു രാഷ്ട്രവത്കരണത്തെ കുറിച്ച് നിലമ്പൂരിൽ വാ തുറക്കാതിരുന്നത്? ജമാഅത്തെ ഇസ്‌ലാമിയുടെ വർഗീയത മാത്രം തുലഞ്ഞാൽ മതിയോ? ആർ എസ് എസിന്‍റെ വർഗീയത തുലയ്(ക്ക)ണ്ടേ?

Similar Posts