< Back
Kerala
മുല്ലപ്പെരിയാർ: മുന്നറിയിപ്പില്ലാതെ ജലം പുറത്തുവിടില്ലെന്ന് എം.കെ സ്റ്റാലിൻ
Kerala

മുല്ലപ്പെരിയാർ: മുന്നറിയിപ്പില്ലാതെ ജലം പുറത്തുവിടില്ലെന്ന് എം.കെ സ്റ്റാലിൻ

Web Desk
|
9 Aug 2022 3:12 PM IST

''അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്''

ഇടുക്കി: മുല്ലപ്പെരിയാറിൽ നിന്ന് മുന്നറിയിപ്പില്ലാതെ ജലം പുറത്തുവിടില്ലെന്ന് കേരളത്തോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. വൈഗ അണക്കെട്ടിലേക്ക് അധികജലം കൊണ്ടുപോയി റൂൾകർവ് പാലിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് അയച്ച മറുപടിയിൽ സ്റ്റാലിൻ പറഞ്ഞു.

ഇടുക്കി ഡാമിൽ നിന്നും മുല്ലപ്പെരിയാര്‍ ഡാമിൽ നിന്നും കൂടുതൽ വെള്ളം ഒഴുക്കി വിട്ടതോടെ പെരിയാറിന്റെ തീരത്തെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. ചെറുതോണി തടിയമ്പാട് ചപ്പാത്തിന്റെ ഒരു വശത്തുള്ള റോഡിന്റെ ഭാഗം ഒലിച്ചു പോയി. പാലത്തിന്റെ കൈവരികളും ഒലിച്ചു പോയിട്ടുണ്ട്. ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വർധിച്ചതോടെയാണ് അപകടം സംഭവിച്ചത്.

ശക്തമായി വെള്ളം വന്നതോടെ കൊച്ചുപുരക്കൽ ജോസഫിന്റെ വീടിന്റെ മതിൽ തകർന്ന് വീണു. വെള്ളത്തിന്റെ ഒഴുക്ക് കൂടിയാൽ ചെറു തോണി പാലം വെളളത്തിനടിയിലാകാൻ സാധ്യതയുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ വിലയിരുത്തൽ. എൻ.ഡി.ആർ.എഫ് സംഘം തടിയമ്പാട്ടേക്ക് എത്തിയിരുന്നു.

അതേസമയം ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നതോടെ പെരിയാറിന്റെ തീരത്ത് ജാഗ്രത ശക്തമാക്കി. ഇതുവരെയുള്ള അറിയിപ്പനുസരിച്ച് ജലനിരപ്പുയരുമെങ്കിലും പെരിയാർ തീരത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇടമലയാർ ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു

ഇടമലയാർ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. ഡാമിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 350 ക്യുമെക്‌സ് വരെയാക്കി വർധിപ്പിക്കുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകി. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഇത്തരത്തിൽ വെള്ളം ഒഴുക്കിവിടുന്നതിന് കെ.എസ്.ഇ.ബിക്ക് അനുമതി നൽകിയിരിക്കുന്നത്.

ഇടമലയാർ ഡാം തുറന്ന ശേഷവും പെരിയാറിലെ നീരൊഴുക്കിൽ സാരമായ മാറ്റം ദൃശ്യമായിട്ടില്ല. ഡാമിൽ നിന്നു കൂടുതൽ വെള്ളം തുറന്നു വിടുന്നതിന്റെ ഫലമായി ജലനിരപ്പിലുള്ള വ്യത്യാസം വൈകിട്ടോടുകൂടി മാത്രമേ പ്രതിഫലിക്കുകയുള്ളു എന്നാണ് വിലയിരുത്തൽ.

ചെറുതോണി അണക്കെട്ടിൽ നിന്നുള്ള കൂടുതൽ വെള്ളവും വൈകിട്ടോടെ ജില്ലയിൽ ഒഴുകിയെത്തും. ഉച്ചയ്ക്ക് 12 മുതൽ 1600 ക്യൂമെക്‌സിനും 1700 ക്യൂമെക്‌സിനുമിടയിൽ വെള്ളമാണ് ഭൂതത്താൻകെട്ടിൽ നിന്നു പുറത്തേക്കൊഴുകുന്നത്.

Similar Posts