< Back
Kerala
മുല്ലപ്പെരിയാർ; 142 അടി ജലനിരപ്പിൽ മാറ്റം വരുത്തേണ്ടെന്ന് മേൽനോട്ട സമിതി
Kerala

മുല്ലപ്പെരിയാർ; 142 അടി ജലനിരപ്പിൽ മാറ്റം വരുത്തേണ്ടെന്ന് മേൽനോട്ട സമിതി

Web Desk
|
27 Oct 2021 2:53 PM IST

റിപ്പോർട്ടിൽ മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി അനുവദിച്ച 142 അടിയെന്ന ജലനിരപ്പിൽ മാറ്റം വരുത്തേണ്ടെന്നും തങ്ങളുടെ തീരുമാനത്തോട് കേരളം വിയോജിച്ചുവെന്നും മേൽനോട്ട സമിതി സുപ്രീം കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി പരിണിക്കവേയാണ് സമിതി നിലപാട് അറിയിച്ചത്. റിപ്പോർട്ടിൽ മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.

ഡാമിലെ ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്നും കേരളം കോടതിയിൽ ആവശ്യപ്പെട്ടു. സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ ശക്തമായ മഴ പെയ്‌തെന്നും നവംബറിലും ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടി. 137.60 അടിയാണ് ഇപ്പോഴുള്ളതെന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും സംസ്ഥാനം വ്യക്തമാക്കി. അണക്കെട്ടിന്റെ സുരക്ഷ പ്രധാനമാണെന്ന് പറഞ്ഞ സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

അതിനിടെ, മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137.70 അടിയിലെത്തി. നേരത്തെ 134.60 അടിയായിരുന്നു. നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. സെക്കന്റിൽ ഒഴുകിയെത്തുന്നത് 9300 ഘനയടി വെള്ളമാണ്.

Similar Posts