< Back
Kerala
മുല്ലപ്പെരിയാറിലെ മരം മുറി അനുമതി: ദുരൂഹത കൂട്ടി ഉദ്യോഗസ്ഥന്‍റെ വിശദീകരണം
Kerala

മുല്ലപ്പെരിയാറിലെ മരം മുറി അനുമതി: ദുരൂഹത കൂട്ടി ഉദ്യോഗസ്ഥന്‍റെ വിശദീകരണം

Web Desk
|
8 Nov 2021 6:26 AM IST

ജലവിഭവ വകുപ്പ് സെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാനം പ്രകാരമാണ് വനം വകുപ്പ് ഉത്തരവെന്ന് വ്യക്തമായതോടെ സർക്കാർ കൂടുതൽ വെട്ടിലായി

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് നൽകിയ അനുമതി മരവിപ്പിച്ചെങ്കിലും ദുരൂഹത തുടരുന്നു. ജലവിഭവ വകുപ്പ് സെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാനം പ്രകാരമാണ് വനം വകുപ്പ് ഉത്തരവെന്ന് വ്യക്തമായതോടെ സർക്കാർ കൂടുതൽ വെട്ടിലായി. മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിലടക്കം കേരളത്തെ പ്രതിനിധീകരിക്കുന്ന സെക്രട്ടറി എന്തുകൊണ്ട് ഇക്കാര്യം സർക്കാരിനെ അറിയിച്ചില്ലെന്ന ചോദ്യവും ഇതോടെ ശക്തമായി.

മരംമുറിക്കാൻ അനുമതി നൽകിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സർക്കാരിന് നൽകിയ വിശദീകരണം ദുരൂഹത കൂട്ടുന്നതാണ്. ജലവിഭവ വകുപ്പ് സെക്രട്ടറി ടി കെ ജോസ് വിളിച്ച സംയുക്ത യോഗത്തിലെ തീരുമാന പ്രകാരമാണ് ഉത്തരവിറക്കിയതെന്നാണ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്‍റെ വാദം. തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവിലും ഇക്കാര്യം സൂചിപ്പിക്കുന്നു. ടി കെ ജോസ് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥനാണ്. എന്നിട്ടും ഇക്കാര്യം എന്തുകൊണ്ട് മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിയെയും അറിയിച്ചില്ലെന്നതും ദുരൂഹതയ്ക്ക് ഇടയാക്കുന്നു.

ഉത്തരവ് മരവിപ്പിച്ച സർക്കാർ, ചീഫ് വൈൽഡ് ലൈഫ് വാർഡനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് വിവാദം അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. അപ്പോഴും ജല വിഭവ വകുപ്പിന്‍റെയും വനം വകുപ്പിന്‍റെയും സംയുക്ത യോഗത്തിലെ സുപ്രധാന തീരുമാനം മന്ത്രിമാരിൽ നിന്ന് മറച്ചുവെച്ച വകുപ്പ് സെക്രട്ടറിമാർക്കെതിരെ എന്തുനടപടിയെന്ന ചോദ്യം ബാക്കിയാവുന്നു. ഉദ്യോഗസ്ഥ തലത്തിലെടുക്കുന്ന നിർണായക തീരുമാനം മന്ത്രിമാർ പോലും അറിയുന്നില്ലെന്ന് വെളിപ്പെട്ടതും സർക്കാരിന് തിരിച്ചടിയായി.

Related Tags :
Similar Posts