
'എസ്എൻഡിപി നേതൃത്വം കേരളത്തെ ജാതി-മതചിന്തയിലേക്ക് കൊണ്ടുപോകരുത്': മുല്ലപ്പള്ളി രാമചന്ദ്രൻ
|എൻഎസ്എസ് നേതൃത്വവും ഇക്കാര്യം ഓർക്കണമെന്നും മുല്ലപ്പള്ളി
കോഴിക്കോട്: എസ്എൻഡിപി നേതൃത്വം കേരളത്തെ ജാതി മതചിന്തയിലേക്ക് കൊണ്ടുപോകരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ശ്രീനാരായണ ഗുരുവിനെ പോലെ ഉള്ള നിരവധി മഹാരാഥന്മാർ നയിച്ച പ്രസ്ഥാനമാണ്. ജാതി, മത ചിന്തകൾക്ക് കേരളം ഒരുപാട് വില കൊടുത്തിട്ടുണ്ട്. എൻഎസ്എസ് നേതൃത്വവും ഇക്കാര്യം ഓർക്കണമെന്നും മുല്ലപ്പള്ളി.
മഹത്തായ പാരമ്പര്യം ഉള്ള പ്രസ്ഥാനമാണ് എൻഎസ്എസ്. മന്നത്ത് പത്മനാഭൻ ഉത്തമനായ കോൺഗ്രസ് നേതാവായിരുന്നു. നവോത്ഥാനം ഉണ്ടാക്കിയ എൻഎസ്എസ് പ്രസ്ഥാനവും ജാതിമത ചിന്തകളിലേക്ക് തിരിച്ചു പോകരുത്. സാമുദായിക നേതാക്കൾ സാമുദായിക ചിന്ത ഉണ്ടാക്കുന്ന പ്രസ്താവന നടത്തുന്നത് ദൗർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.
എംപിമാരെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങുന്നത് പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എംപിമാർ മത്സരിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ്. ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി എന്ന നിലയിൽ അൻവർ പ്രചാരണം നടത്തുമെന്ന് തോന്നുന്നില്ല. സീറ്റ് പങ്കിടൽ ചർച്ച യുഡിഎഫിൽ നടക്കുന്നതേയുള്ളുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ.