< Back
Kerala
മുനമ്പത്ത് ലത്തീൻസഭയുടെ ചുവടുമാറ്റം; സംസ്ഥാന സർക്കാറിനെ  പിന്തുണച്ച് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ
Kerala

മുനമ്പത്ത് ലത്തീൻസഭയുടെ ചുവടുമാറ്റം; സംസ്ഥാന സർക്കാറിനെ പിന്തുണച്ച് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ

Web Desk
|
18 April 2025 10:40 AM IST

മുനമ്പം വിഷയം സംസ്ഥാന സർക്കാർ മനഃപൂർവം വൈകിപ്പിക്കുന്നതായി കരുതുന്നില്ലെന്ന് ബിഷപ്പ് ചക്കാലയ്ക്കൽ

കോഴിക്കോട്: മുനമ്പത്ത് സംസ്ഥാന സർക്കാരിനെ പിന്തുണച്ച് ലത്തീൻസഭ. മുനമ്പം വിഷയം സംസ്ഥാന സർക്കാർ മനഃപൂർവം വൈകിപ്പിക്കുന്നതായി കരുതുന്നില്ലെന്ന് കോഴിക്കോട് രൂപത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ പറഞ്ഞു. കോടതിക്കപ്പുറം എങ്ങനെ പ്രശ്നം പരിഹരിക്കാമെന്ന് നോക്കണം. പ്രശ്നം പരിഹരിച്ചാൽ സർക്കാരിന്‍റെ മൈലേജ് കൂട്ടുകയൊള്ളൂവെന്നും വർഗീസ് ചക്കാലക്കൽ പറഞ്ഞു.

വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ലെന്നായിരുന്നു ബിഷപ്പ് വർഗീസ് ചക്കാലക്കൽ ഇന്നലെ പറഞ്ഞത്. പിന്തുണയിൽ പുനർവിചിന്തനം വേണോ എന്ന് പിന്നീട് ആലോചിക്കുമെന്നും വർഗീസ് ചക്കാലക്കൽ കോഴിക്കോട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

'പിന്തുണ തീരുമാനിച്ച മീറ്റിംഗിൽ ഞാന്‍ പങ്കെടുത്തില്ല. ആ സമയം അമേരിക്കയിലായിരുന്നു. എല്ലായിടത്തും രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നത്. പാണക്കാട് തങ്ങൾ പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും പരിഹാരം ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

''മുനമ്പം നിവാസികളുടെ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് പിന്തുണ നൽകിയത്. പക്ഷേ കിരൺ റിജിജു തന്നെ മുൻകാല പ്രാബല്യമില്ലെന്ന് പറയുന്നു. അകൽച്ചയുണ്ടാക്കാൻ നമ്മൾ ശ്രമിക്കരുത്. വൈകാരികമായ പ്രശ്‌നമാക്കി എടുക്കരുതെന്നും''- വർഗീസ് ചക്കാലക്കൽ പറഞ്ഞു.

''610 കുടുംബങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്. അത് തീർക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. അവരെ സഹായിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം. നിലവിൽ ഒരു കമ്മീഷനെ വെച്ചിട്ടുണ്ട്. അതിൻ്റെ പേരിൽ ആരും കലഹിക്കരുത്. ഫാറൂഖ് കോളേജ് വഖഫ് അല്ലെന്ന് തെളിയിക്കാൻ ശക്തമായി ശ്രമിക്കുന്നുണ്ട്. അത് ഗുണം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്''- വർഗീസ് ചക്കാലക്കൽ കഴിഞ്ഞദിവസം പറഞ്ഞു.


Similar Posts