< Back
Kerala
Munavvar Ali Thangal Praises Mamata Banerjee
Kerala

'നന്ദി, ദീദി... ഇത് രാഷ്ട്രീയ വാചാടോപമല്ല, നടപടിയും നിലപാടുമാണ്': എസ്ഐആറിനെതിരെ കോടതിയിൽ വാദിച്ച മമതയെ പ്രശംസിച്ച് മുനവ്വറലി തങ്ങൾ

ഷിയാസ് ബിന്‍ ഫരീദ്
|
4 Feb 2026 4:30 PM IST

'വോട്ടവകാശം വെല്ലുവിളിക്കപ്പെടുമ്പോൾ, മമത മൗനത്തിനു പകരം ഭരണഘടന തിരഞ്ഞെടുത്തു'.

കോഴിക്കോട്: എസ്ഐആറിനെതിരായ ഹരജിയിൽ സുപ്രിംകോടതിയിൽ സ്വയംവാദിക്കാനെത്തിയ പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പ്രശംസിച്ച് യൂത്ത് ലീ​ഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ. ജനാധിപത്യത്തിന്റെ ജീവനായ വോട്ടവകാശം വെല്ലുവിളിക്കപ്പെടുമ്പോൾ, മമത മൗനത്തിനു പകരം ഭരണഘടന തിരഞ്ഞെടുത്തെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു.

ഒരിക്കൽ കൂടി അഭിഭാഷക വേഷമണിഞ്ഞ് അചഞ്ചലമായ ധീരതയോടെ സുപ്രിംകോടതിയിലേക്ക്. ഇത് നമുക്ക് ചുറ്റും കാണുന്ന രാഷ്ട്രീയ വാചാടോപമല്ല. നടപടിയും നിലപാടുമാണ്- അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

വോട്ടർ പട്ടിക തീവ്രപരിഷ്കരണം (എസ്‌ഐആർ) ചോദ്യം ചെയ്ത് നൽകിയ പുതിയ ഹരജിയിലാണ് മമത സുപ്രിംകോടതിയിൽ നേരിട്ട് ഹാജരായി വാദിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എസ്‌ഐആറിന്റെ പേരിൽ ബംഗാളിനെ ലക്ഷ്യമിടുകയാണെന്ന് മമത ചൂണ്ടിക്കാട്ടി. എസ്‌ഐആറിൽ ആധാർ കാർഡ് രേഖയായി പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ മമത എന്തുകൊണ്ടാണ് അസമിൽ എസ്‌ഐആർ നടപ്പാക്കാത്തതെന്നും ചോദിച്ചു.

തൊഴിൽ സമ്മർദം താങ്ങാനാവാതെ ബിഎൽഒമാർ ഉൾപ്പടെ ആത്മഹത്യ ചെയ്തു. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം ആണിതെന്നും മമത പറഞ്ഞു. ഹരജിയിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കും. രണ്ട് ദിവസത്തിനുള്ളിൽ മമമത ബാനർജി ഉന്നയിച്ച വിഷയങ്ങളിൽ മറുപടി നൽകണമെന്ന് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

2025ലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മമത ബാനർജി സുപ്രിംകോടതിയെ സമീപിച്ചത്. കോടതിയിൽ നേരിട്ട് ഹാജരാകാൻ അനുവാദം തേടി മമത ഇടക്കാല അപേക്ഷ സമർപ്പിച്ചിരുന്നു. സുപ്രിംകോടതിയിൽ സ്വന്തം കേസ് നേരിട്ട് വാദിക്കുന്ന ആദ്യത്തെ സിറ്റിങ് മുഖ്യമന്ത്രിയായി ഇതോടെ മമത ബാനർജി മാറി.



Similar Posts