< Back
Kerala
mundakkai township
Kerala

മുണ്ടക്കൈ പുനരധിവാസം: വീട് ഒരുക്കുക 20 ലക്ഷം രൂപക്ക്

Web Desk
|
27 Feb 2025 6:19 PM IST

തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിൽ ഇരയായവർക്ക് വേണ്ടി നിർമിക്കുന്ന വീടിന്റെ സ്പോൺസർഷിപ്പ് തുക 20 ലക്ഷം രൂപയായിരിക്കുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നോ-ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടുപോകുന്ന വീടുകളെ ഉൾപ്പെടുത്തിയിട്ടുള്ള കരട് ഫേസ് 2 B ലിസ്റ്റ്, നോ-ഗോ സോണിന്റെ പരിധിയിൽനിന്ന് 50 മീറ്ററിനുള്ളിൽ പൂർണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകൾ മാത്രം പരിഗണിച്ചുകൊണ്ട് തിട്ടപ്പെടുത്താൻ വയനാട് ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകും.

വയനാട് ജില്ലാ കലക്ടർ തയ്യാറാക്കിയ ദുരന്ത ബാധിത കുടുംബങ്ങളുടെ ലിസ്റ്റ് 430ല്‍ അധികരിക്കാത്തതിനാലും സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിന് പുറത്ത് താമസിക്കുവാൻ ആഗ്രഹിക്കുന്ന ഉരുൾപൊട്ടൽ ബാധിത കുടുംബങ്ങൾക്ക് അനുവദിക്കുന്ന 15 ലക്ഷം രൂപയ്ക്ക് അര്‍ഹരായ ഗുണഭോക്താക്കളും ലിസ്റ്റിൽനിന്ന് ഒഴിവാക്കപ്പെടും എന്നതിനാലും പുനരധിവാസത്തിനായി ആദ്യഘടത്തില്‍ എൽസ്റ്റോൺ എസ്റ്റേറ്റ് മാത്രമായി ഏറ്റെടുക്കും. ഗുണഭോക്താക്കൾക്ക് വീട് നൽകാൻ 7 സെന്റ് ഭൂമി വീതമുള്ള പ്ലോട്ടായി പുനഃക്രമീകരിക്കും.

വയനാട് മാതൃകാ ടൗൺഷിപ്പിലെ ഭൂമി പതിവ് വിഷയവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും അംഗീകരിച്ചു. വയനാട് മാതൃകാ ടൗൺഷിപ്പ് നിർമിക്കുന്നതിനായി കണ്ടെത്തിയ എൽസ്റ്റൺ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത് മുനിസിപ്പൽ പ്രദേശത്താണ്. ഭൂമി പതിച്ച് നൽകുന്നതിന് ഗുണഭോക്താവിന്റെ വരുമാന പരിധി കണക്കാക്കില്ല. റെസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും ഹെറിട്ടബിൾ ആയിരിക്കും. 12 വർഷത്തേയ്ക്ക് അന്യാധീനപ്പെടുത്താൻ പാടില്ലാത്തതുമാണ്.

റസിഡൻഷ്യൽ യൂണിറ്റും വീടും ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിൽ അനുവദിക്കാവുന്നതാണ് (ജീവിച്ചിരിക്കുന്നത് അനുസരിച്ച്). ഭൂമിയും വീടും 12 വർഷത്തിന് മുൻപ് ഗുണഭോക്താവിന് അവശ്യ ഘട്ടങ്ങളിൽ പണയപ്പെടുത്തി (Mortgage) വായ്പ എടുക്കുന്നതിൻ്റെ സാധുത ഓരോ കേസുകളായി പരിശോധിച്ച് സർക്കാർ തീരുമാനം കൈകൊള്ളുന്നതാണ്.

ടൗൺഷിപ്പിൽ വീട് അനുവദിക്കുന്നതിനോ 15 ലക്ഷം രൂപ നൽകുന്നതിനോ മുൻപ് പട്ടികയിൽപെടുന്ന വീടുകളിൽ നിന്നും ഉപയോഗയോഗ്യമായ ജനൽ, വാതിൽ, മറ്റ് വസ്തുക്കൾ എന്നിവ ഗുണഭോക്താക്കൾ തന്നെ സ്വയം പൊളിച്ച് മാറ്റുന്നതിനും വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും സംയുക്തമായി അക്കാര്യം ഉറപ്പ് വരുത്തുന്നതിനും നിർദ്ദേശം നല്‍കും.

ദുരന്തബാധിതർക്ക് നിലവിൽ അനുവദിച്ച 300 രൂപ ബത്ത അതേ വ്യവസ്ഥയിൽ തുടർന്നും അനുവദിക്കും. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സ്റ്റേറ്റ് എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങൾ വാങ്ങാവുന്ന കൂപ്പൺ വാടകയ്ക്ക് താമസിക്കുന്ന ദുരന്തബാധിത കുടുംബങ്ങൾക്ക് സിഎസ്ആർ ഫണ്ടിൽനിന്നും നൽകാനും ഓരോ കൂപ്പണും രണ്ടു മാസം വീതം കാലാവധി നൽകാനും തീരുമാനിച്ചു.

Related Tags :
Similar Posts