< Back
Kerala
Mundakail landslide,wayanad landslide,wayanadlatest malayalam news,മുണ്ടക്കൈ ദുരന്തം,വയനാട് ഉരുള്‍പൊട്ടല്‍
Kerala

'കൂട്ടുകാരും നാട്ടുകാരും എല്ലാം പോയി... അവിടെ ഇനി ഒന്നുമില്ല'; എങ്ങും നഷ്ടപ്പെടലിന്‍റെ വേദന മാത്രം

Web Desk
|
1 Aug 2024 7:27 AM IST

മൂന്ന് മിനിറ്റുള്ളിലാണ് വീടടക്കം ആ പ്രദേശം മുഴുവന്‍ ഒലിച്ചുപോയതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യുവാവ്

മേപ്പാടി: എങ്ങും നഷ്ടപ്പെടലിന്റെ വേദന മാത്രം. പ്രിയപ്പെട്ടവരും പ്രിയപ്പെട്ടതുമെല്ലാം നിമിഷങ്ങൾകൊണ്ടാണ് ഒലിച്ചുപോയത്. പലരും നിമിഷനേരത്തെ ഭാഗ്യം കൊണ്ട് മാത്രമാണ് ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ടത്. ജീവൻമാത്രം കൈയിൽപിടിച്ച് ഓടി രക്ഷപ്പെട്ടപ്പോഴേക്കും വീടടക്കം ഒലിച്ചുപോയ കാഴ്ചക്ക് സാക്ഷിയാകേണ്ടിയിരുന്നവരും ഏറെയാണ്.

'ആദ്യം ഉരുള് പൊട്ടിയപ്പോൾ വലിയ അപകടമില്ലായിരുന്നു. എന്നാൽ കിട്ടിയ ഡ്രസും പ്രൂഫുമെല്ലാമെടുത്ത് ബാഗിലാക്കി ഞങ്ങള് നിന്നു.. എന്നാൽ ഭീകരമായിട്ടാണ് രണ്ടാമത് പൊട്ടിയത്..' അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മുണ്ടക്കൈ സ്വദേശിയായ യുവാവ് മീഡിയവണിനോട് പറഞ്ഞു.

'രണ്ടാമത്തെ പൊട്ടലുണ്ടായപ്പോൾ വീട്ടിൽ നിന്നിറങ്ങി അടുത്ത കുന്നിലേക്ക് ഓടിക്കയറി. മൂന്ന് മിനിറ്റിനുള്ളിൽ വീടും പറമ്പും താഴെയുള്ള പ്രദേശവുമെല്ലാം പോയി.അച്ഛനെയും അമ്മയെയും കൊണ്ടാണ് ഞാൻ ഓടിയത്. കുറേപേരും അതിലാണ് പോയത്.. കൂട്ടുകാരും നാട്ടുകാരും എല്ലാവരും പോയി. ഇനി അവിടെയാരുമില്ല.തിരിച്ചുപോകാൻ ഒരു ഇടമില്ല. മുണ്ടക്കൈ പ്രദേശത്ത് ഇനി ഒന്നും ബാക്കിയില്ല' . യുവാവിന്റെ വാക്കുകളിൽ നഷ്ടപ്പെടലിന്റെ വേദന മാത്രമാണ് ബാക്കിയാകുന്നത്.


Similar Posts