< Back
Kerala
mundakkai landslide
Kerala

മുണ്ടക്കൈ ദുരന്തം; എസ്‍ഡിആർഎഫ് തുക വിനിയോഗം സംബന്ധിച്ച കണക്കുകള്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍

Web Desk
|
12 Dec 2024 1:12 PM IST

വയനാട് പുനർധിവാസത്തിന് കൂടുതൽ തുറന്ന മനസോടെ കേന്ദ്രം കേരളത്തെ സഹായിക്കണമെന്ന് കോടതി കേന്ദ്രത്തിന് നിർദേശം നൽകി

കൊച്ചി: എസ്‍ഡിആർഎഫ് തുക വിനിയോഗം സംബന്ധിച്ച് വിശദമായ കണക്ക് കോടതിയിൽ ഹാജരാക്കി സംസ്ഥാന സർക്കാർ. കണക്കുകൾ വിശദമായി പരിശോധിച്ച് കോടതി കുറച്ചുകൂടി വ്യക്തത വരുത്താൻ സംസ്ഥാനത്തിന് നിർദേശം നൽകി. വയനാട് പുനർധിവാസത്തിന് കൂടുതൽ തുറന്ന മനസോടെ കേന്ദ്രം കേരളത്തെ സഹായിക്കണമെന്ന് കോടതി കേന്ദ്രത്തിന് നിർദേശം നൽകി. ഹരജി അടുത്ത 18ന് വീണ്ടും പരിഗണിക്കും.

ആകെ 782 കോടി രൂപയായിരുന്നു കേന്ദ്രം അനുവദിച്ചത്. ഇതിൽ 21 കോടി രൂപ മേപ്പാടി ദുരന്തത്തിന് അടിയന്തരമായി നൽകി. ഇനി ബാക്കിയുള്ളത് 700 കോടി രൂപ എന്നും സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതിൽ 638 കോടി രൂപ വിനിയോഗിക്കാൻ നിശ്ചയിച്ചു കഴിഞ്ഞതാണ്. വേനൽക്കാലത്ത് ഉൾപ്പെടെ അടിയന്തരഘട്ടങ്ങളിൽ ഉപയോഗപ്പെടുത്താൻ 61 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട് എന്നും സർക്കാർ അറിയിച്ചു. എന്നാൽ പുനരധിവാസത്തിനു ഭൂമി വാങ്ങാൻ എസ്‍ഡിആർഎഫ് ചട്ടം അനുവദിക്കുന്നില്ല എന്നും കോടതിയിൽ സർക്കാർ അറിയിച്ചു.

ഈ കണക്കുകളിൽ കുറച്ചുകൂടി വ്യക്തത വരുത്താൻ സർക്കാരിന് കോടതി നിർദേശം നൽകി. കേന്ദ്രത്തിനു കൂടി വിശ്വാസയോഗ്യമായ ഒരു ഏജൻസിയെ ഉപയോഗപ്പെടുത്തി ചെലവ് സംബന്ധിച്ച് വിവരങ്ങൾ കേന്ദ്രത്തിന് കൈമാറാൻ കോടതി നിർദേശിച്ചു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പ്രശ്നത്തിൽ മധ്യസ്ഥതവഹിക്കാനാണ് കോടതി ഇടപെടൽ നടത്തുന്നത്. മനുഷ്യത്വപരമായ സമീപനം വേണമെന്ന് കേന്ദ്രത്തിനും കോടതി നിർദേശം നൽകി.



Similar Posts