< Back
Kerala
high court of kerala
Kerala

'സഹായിക്കേണ്ട സമയത്ത് എന്തിന് പണം ചോദിച്ചു'? കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ ശകാരം

Web Desk
|
18 Dec 2024 12:10 PM IST

ഇത്രയും വര്‍ഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാല്‍ പോരേയെന്ന് കോടതി

കൊച്ചി: വ്യോമ രക്ഷപ്രവർത്തനത്തിന് കേരളത്തോട് പണം ചോദിച്ചതിൽ കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് ഹൈക്കോടതി. മുൻ വർഷങ്ങളിലെ ദുരന്തങ്ങളുടെ ചാർജുകൾ ഇപ്പോൾ ചോദിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടി. കേരളത്തിന് അടിയന്തര ആവശ്യങ്ങൾക്ക് എത്ര രൂപ നൽകാനാകുമെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു.

ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് 132.62 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെതിരെയാണ് ഹൈക്കോടതിയുടെ വിമർശനം. 2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ എയര്‍ലിഫ്റ്റിങ് ചാര്‍ജുകള്‍ വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ എന്തിനാണ് കേന്ദ്രം ആവശ്യപ്പെടുന്നത് എന്ന് കോടതി ചോദിച്ചു. മുന്നിലുള്ള ദുരന്തത്തെ നേരിടാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മറ്റൊരു വഴിക്ക് ഈ തുക ആവശ്യപ്പെടുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടി.

ദുരന്ത നിവാരണ ചട്ടങ്ങളില്‍ അനിവാര്യമായ ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം കോടതി നിർദേശപ്രകാരം കേന്ദ്രത്തിന് കണക്ക് കൊടുത്തെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഔദ്യോഗികമായി കത്ത് കിട്ടിയിട്ടില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രത്തോട് അടിയന്തര ആവശ്യങ്ങൾക്ക് എത്ര രൂപ നൽകാനാകുമെന്നും കോടതി ചോദിച്ചു. കേസ് അടുത്ത ജനുവരി 10 ന് വീണ്ടും പരിഗണിക്കും.



Similar Posts