
ഏഴുവർഷത്തെ കാത്തിരിപ്പിന് അവസാനം; മുനീഫിന് ഇനി സ്വന്തം മുച്ചക്ര വാഹനത്തിൽ കോളജിൽ പോകാം
|മുച്ചക്ര വാഹനത്തിനായി കാത്തിരിക്കുന്ന മുനീഫ്ന്റെയും കുടുംബത്തിന്റെയും വാർത്ത മീഡിയവൺ നൽകിയിരുന്നു
മലപ്പുറം: അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി മുഹമ്മദ് മുനീഫിന് ഇനി സ്വന്തം മുച്ചക്ര വാഹനത്തിൽ കോളജിൽ പോകാം. ഏഴ് വർഷമായി ഒരു മുച്ചക്ര വാഹനത്തിനായി കാത്തിരിക്കുന്ന മുനീഫ്ന്റെയും കുടുംബത്തിന്റെയും വാർത്ത മീഡിയവൺ നൽകിയിരുന്നു.ബിബിഎ വിദ്യാർത്ഥിയായ മുനീഫ്ന് ഒരു മുച്ചക്രവാഹനം വേണം എന്നത് ഒരു സ്വപ്നമായിരുന്നു. ഇന്ന് ആ സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു.
പിതാവിന്റെ പഴയ സ്കൂട്ടർ മുച്ചക്രവാഹനമാക്കി കോളേജിൽ പോകുന്ന മുനീഫിനെ കുറിച്ച് മീഡിയവൺ നൽകിയ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മുനീഫിന് മുച്ചക്ര സ്കൂട്ടർ ലഭിക്കാനുള്ള വഴി ഒരുങ്ങിയത്.
ഏഴു വർഷത്തോളമായി ഒരു മുച്ചക്ര വാഹനത്തിനായി ഇനി കയറിയിറങ്ങാത്ത ഓഫീസുകൾ ഇല്ല. വാർത്ത വന്നതിന് പിന്നാലെ പലരും സഹായവുമായി രംഗത്ത് വന്നു. അവരെയെല്ലാം ഈ സന്തോഷ വേളയിൽ നിറക്കണ്ണുകളോടെ ഓർക്കുകയാണ് കുടുംബം.വണ്ടി കിട്ടിയതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും മീഡിയവൺ ചാനലിലൂടെയാണ് വണ്ടിക്കുള്ള അവസരം കിട്ടിയതെന്നും മുനീഫ് പറഞ്ഞു.
മഞ്ഞളാംകുഴി അലി എംഎൽഎ മുച്ചക്രവാഹനം മുനീഫിന് കൈമാറി നന്നായി പഠിച്ചു നല്ലൊരു ജോലി വാങ്ങണമെന്ന് തന്റെ വലിയ സ്വപ്നത്തിലേക്ക് മുനീഫിന് ഇനി വഴിയിൽ നിൽക്കാതെ യാത്ര തുടരാം.