
മുരാരി ബാബു Photo| MediaOne
മുരാരി ബാബുവിൻ്റെ ആഡംബര വീടും സംശയ നിഴലിൽ; പൊലീസ് പരിശോധന നടത്തി
|2 കോടി രൂപ ചെലവഴിച്ച് കോട്ടയം പെരുന്നയിലാണ് 2019ൽ വീട് നിർമിച്ചത്
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുരാരി ബാബുവിൻ്റെ ആഡംബര വീട് നിർമാണവും സംശയ നിഴലിൽ. 2 കോടി രൂപ ചെലവഴിച്ച് കോട്ടയം പെരുന്നയിലാണ് 2019ൽ വീട് നിർമിച്ചത്. പെരുന്നയിൽ പൊലീസ് പരിശോധന നടത്തി. മുരാരി ബാബുവിന്‍റെ സാമ്പത്തിക സ്രോതസ്സ് എസ്ഐടി അന്വേഷിക്കും. 1994 ൽ പൊലീസ് ജോലി മുരാരി ബാബു ഉപേക്ഷിച്ചതും അന്വേഷണ പരിധിയിലുണ്ട് .
സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായ മുരാരി ബാബുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുരാരി ബാബുവിന്റെ പ്രവർത്തി ശബരിമലയുടെ പ്രശസ്തിക്ക് കോട്ടം തട്ടാൻ കാരണമായെന്നും മുരാരി ബാബു സ്വർണപ്പാളികളെ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത് മനഃപൂർവമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
1998ൽ തന്നെ ഈ പാളികൾ സ്വർണം പൂശിയതാണെന്ന് മുരാരി ബാബുവിന് അറിയാമായിരുന്നു. എന്നിട്ടും, സ്വർണപ്പാളികളെ ചെമ്പുപാളികളെന്ന് ബോധപൂർവം രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇയാൾ ഗൂഢാലോചന നടത്തിയതായും വിശദാംശങ്ങൾ പുറത്തുവരണമെങ്കിൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഒന്നാംപ്രതിയായിട്ടുള്ള രണ്ടു കേസുകളിലും രണ്ടാംപ്രതിയാണ് ഇദ്ദേഹം.