< Back
Kerala
Muslim League against corporation on bus stand fire
Kerala

കോഴിക്കോട് തീപിടിത്തം: കോർപറേഷൻ അധികൃതർക്കെതിരെ കേസെടുക്കണമെന്ന് മുസ്‌ലിം ലീഗ്

Web Desk
|
19 May 2025 8:49 PM IST

''അര നൂറ്റാണ്ടായി കോർപറേഷൻ ഭരിക്കുന്ന സിപിഎം കെട്ടിട നിർമാണ മേഖലയെ അഴിമതിയുടെ ഹബ്ബാക്കിയതാണ് മൊഫ്യൂസൽ ബസ് സ്റ്റാന്റ് കെട്ടിടം ഉൾപ്പെടെയുള്ള നിർമിതികളുടെ സുരക്ഷ ചോദ്യചിഹ്നമാക്കിയത്''

കോഴിക്കോട്: മൊഫ്യൂസൽ ബസ് സ്റ്റാന്റ് സമുച്ഛയത്തിലെ വസ്ത്രക്കടക്ക് തീപിടിച്ച സംഭവത്തിൽ നിയമവും ചട്ടവും ലംഘിച്ച കെട്ടിട ഉടമകളായ കോർപറേഷൻ അധികൃതർക്കെതിരെ കേസെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസറ്ററും ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിലും ആവശ്യപ്പെട്ടു. കത്തിപ്പോയ കെട്ടിടം ഒരു ടെക്സ്റ്റൈൽസ് നടത്താനുള്ള ഒരു മാനദണ്ഡവും പാലിച്ചിട്ടില്ലെന്ന് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമായിട്ടുണ്ട്. ഇതിന്റെ തീവ്രത കുറക്കാൻ അന്വേഷണ പ്രഹസനങ്ങളും മേയറുടെ വാചകമടിയും മതിയാവില്ല. കുറ്റവാളികൾ വേദമോതുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. കോർപറേഷൻ പരിധിയിലെ നിയമലംഘന നിർമാണങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് മേയർക്കും ഡെപ്യൂട്ടി മേയർക്കും സെക്രട്ടറിക്കും ഒഴിഞ്ഞുമാറാനാവില്ല.

അര നൂറ്റാണ്ടായി കോർപറേഷൻ ഭരിക്കുന്ന സിപിഎം കെട്ടിട നിർമാണ മേഖലയെ അഴിമതിയുടെ ഹബ്ബാക്കിയതാണ് മൊഫ്യൂസൽ ബസ് സ്റ്റാന്റ് കെട്ടിടം ഉൾപ്പെടെയുള്ള നിർമിതികളുടെ സുരക്ഷ ചോദ്യ ചിഹ്നമാക്കിയത്. സാധാരണക്കാരൻ രണ്ടോ മൂന്നോ സെന്റുകളിൽ കിടപ്പാടം നിർമിക്കാൻ അനുമതി തേടിയാൽ മാസങ്ങൾ നടന്നാലും പെർമിഷൻ ലഭിക്കാതെ കഷ്ടപ്പെടുകയാണ്. എന്നാൽ, വൻകിടക്കാർ എല്ലാ നിയമവും ചട്ടങ്ങളും ലംഘിച്ച് കൂറ്റൻ കെട്ടിടങ്ങൾ നിർബാധം ഉയർത്തുന്നു. കോർപറേഷന്റെ സ്വന്തം ഉടമസ്ഥതയിലുള്ള നിരവധി കെട്ടിടങ്ങളും തീ സംരക്ഷണ സുരക്ഷാ മാനദണ്ഡങ്ങളും മറ്റും ലംഘിച്ചാണ് പ്രവർത്തിക്കുന്നത്. ഇത്തരം നിരവധി കെട്ടിടങ്ങളിൽ നിന്ന് ബിനാമികൾ വഴി സിപിഎം പണമൂറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ജനത്തിന്റെ ജീവന് പുല്ലുവിലയായി.

മലബാറിന്റെ ആസ്ഥാന നഗരിയിൽ പട്ടാപ്പകലുണ്ടായ തീപിടിത്തത്തിന് മുമ്പിൽ മണിക്കൂറുകൾ അന്തിച്ചു നിൽക്കുകയായിരുന്നു അധികൃതർ. മിഠായിത്തെരുവിലും മെഡിക്കൽ കോളജിലുമെല്ലാം അടിക്കിടി തീപിടിത്തമുണ്ടായപ്പോൾ ഇരുട്ടിൽ തപ്പിയവർ ഒന്നും പഠിക്കാനും തിരുത്താനും സംവിധാനങ്ങൾ കുറ്റമറ്റതാക്കാനും ശ്രമിക്കാത്തത് ഗുരുതര സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ആറു മണിക്കൂറിലേറെ തീ നിന്നു കത്തിയമരുകയായിരുന്നു. തൊട്ടടുത്ത് കെട്ടിടങ്ങളില്ലാത്തതുകൊണ്ട് കത്തിത്തീർന്ന അവസ്ഥ സർക്കാറിന്റെയും കോർപറേഷന്റെയും അലംഭാവത്തിന്റെ നേർക്കാഴ്ചയാണ്. സംഭവത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. തീ പിടുത്തത്തിൽ നഷ്ടം സംഭവിച്ച സമീപത്തുള്ളവർക്കും ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്കും കോർപറേഷനും സർക്കാറും നഷ്ടപരിഹാരം നൽകണമെന്നും ജില്ലാ ലീഗ് ആവശ്യപ്പെട്ടു.

Similar Posts