< Back
Kerala
പരസ്പരം പോരടിച്ച് ലീഗും സിപിഎമ്മും; മുഖ്യമന്ത്രിയുടെ രൂക്ഷവിമർശനത്തിന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി
Kerala

പരസ്പരം പോരടിച്ച് ലീഗും സിപിഎമ്മും; മുഖ്യമന്ത്രിയുടെ രൂക്ഷവിമർശനത്തിന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

Web Desk
|
18 April 2025 6:41 AM IST

തളിപ്പറമ്പ് വഖഫ് മുന്‍നിർത്തി മുഖ്യമന്ത്രിയും മുനമ്പം മുന്‍നിർത്തി പാർട്ടി സെക്രട്ടറിയും ലീഗിനെ നേരിട്ട് ആക്രമിച്ചു

കോഴിക്കോട്: മൃദുസമീപനം വെടിഞ്ഞ് പരസ്പരം ആക്രമിച്ച് മുസ്‍ലിം ലീഗും സിപിഎമ്മും. തളിപ്പറമ്പ് വഖഫ് മുന്‍നിർത്തി മുഖ്യമന്ത്രി പിണറായി വിജയനും മുനമ്പം മുന്‍നിർത്തി പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും ലീഗിനെ നേരിട്ട് ആക്രമിച്ചു. സ്വതവേ മൃദുഭാഷിയായ പി.കെ കുഞ്ഞാലിക്കുട്ടി തന്നെ സിപിഎമ്മിന് മറുപടിയുമായി എത്തി

രണ്ട് മുന്നണിയിലായിരിക്കെത്തന്നെ പരസ്പരം പോരടിക്കാതെ പോയ സമീപ ഭൂതകാല ചരിത്രം തിരുത്തുകയാണ് മുസ്‍ലിം ലീഗും സിപിഎമ്മും. മുസ്‍ലിം ലീഗിന്റെ വഖഫ് മഹാറാലി കോഴിക്കോട് നടക്കുന്ന അതേ സമയത്ത് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി മുസ്‍ലിം ലീഗിനെതിരെ ആക്രമണം അഴിച്ചുവിട്ടു. വഖഫ് മഹാറാലിയില്‍ സംസാരിച്ച പി. കെ കുഞ്ഞാലിക്കുട്ടി ആക്രമണ മുന കേന്ദ്രസർക്കാരിലും ബിജെപിയിലും മാത്രം ഒതുക്കിയില്ല.പിന്നാലെ മുനമ്പം വിഷയത്തില്‍ തന്നെ ലീഗിനെ കടന്നാക്രമിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ശ്രമിച്ചത്.

കോണ്‍ഗ്രസിനെ ആക്രമിക്കുമ്പോഴും യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ ലീഗിനോട് സിപിഎമ്മുടെ സമീപനം വ്യത്യസ്തമായിരുന്നു. കോണ്‍ഗ്രസിന്റെ അതേ അളവില്‍ സർക്കാരിനെയും സിപിഎമ്മിനെയും ലീഗ് ആക്രമിക്കുന്നില്ല എന്നത് കോണ്ഗ്രസിന്റെ മാത്രമല്ല, ലീഗിലെ തന്നെ ഒരു വിഭാഗത്തിന്റെ പരാതിയായിരുന്നു. എന്നാല്‍ സാഹരചര്യങ്ങള്‍ മാറുകയാണ്. ബിജെപിയിലേക്ക് പോയ ഈഴവ വോട്ടുകള്‍ തിരികെ പിടിക്കുക, മുനമ്പത്തില്‍ തട്ടി യുഡിഎഫില്‍ നിന്ന് അകലാന്‍ സാധ്യതയുള്ള ക്രൈസ്തവ വോട്ടുകള്‍ ആകർഷിക്കുക എന്ന സിപിഎം നയത്തിന്റെ ഭാഗമാണ് ലീഗിനെതിരായ ആക്രമണമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്കുന്ന സൂചന.

സിപിഎം നയം മാറ്റിയ സാഹചര്യത്തില്‍ പിന്നെ നന്നായി തിരിച്ചടിക്കുക തന്നെ എന്നതിലേക്ക് ലീഗും മാറിയെന്നാണ് നിരീക്ഷകരുടെ പക്ഷം. എന്തായാലും മുന്നണികള്‍ക്കകത്തും പാർട്ടികള്‍ക്കകത്തും സജീവ ചർച്ചയായി ലീഗ്-സിപിഎം പോര് മാറിയിട്ടുണ്ട്.


Similar Posts