
പുതിയ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് എസ്‌ഐആറിൽ പേര് ചേർക്കാനാവാത്ത പ്രശ്‌നം പരിഹരിക്കണം: മുസ്‌ലിം ലീഗ്
|പുതിയപാസ്‌പോർട്ടുള്ള പ്രവാസികൾക്ക് എസ്‌ഐആറിൽ പേര് ചേർക്കാൻ ആകുന്നില്ലെന്ന വാർത്ത മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്
കോഴിക്കോട്: പുതിയ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് എസ്‌ഐആറിൽ പേര് ചേർക്കാനാകാത്ത പ്രശ്‌നം പരിഹരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ ആവശ്യമായ മാറ്റം വരുത്തണമെന്ന് മുസ്‌ലിം ലീഗ്. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമയ കെ.സൈനുൽ ആബിദീൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും കത്ത് നൽകി.
പുതിയ പാസ്‌പോർട്ടിന്റെ നമ്പറിലെ രണ്ടാമത്തെ അക്ഷരം ടൈപ്പ് ചെയ്യുന്നതിന് കളമില്ലാത്തതാണ് പ്രശ്‌നം. പഴയ പാസ്പപോർട്ടിന്റെ നമ്പറുകൾക്ക് അനുസൃതമായ കളങ്ങളാണ് നൽകിയിരിക്കുന്നത്. പുതിയ പാസ്‌പോർട്ട് നമ്പർ കൂടി അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ മാറ്റം വരുത്തിയാൽ ഈ പ്രശ്‌നം പരിഹരിക്കാമെന്നും അതിനാവശ്യമായ നടപടി എടുക്കണമെന്നുമാണ് കെ.സൈനുൽ ആബിദീൻ ആവശ്യപ്പെട്ടത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറിനുമാണ് കത്തയച്ചത്. പുതിയപാസ്‌പോർട്ടുള്ള പ്രവാസികൾക്ക് എസ്‌ഐആറിൽ പേര് ചേർക്കാൻ ആകുന്നില്ലെന്ന വാർത്ത മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.