< Back
Kerala
Muslim League blocks public statement on Munambam Waqf land controversy, Munambam row
Kerala

മുനമ്പം വഖഫ് ഭൂമി തർക്കം: പരസ്യപ്രസ്താവന വിലക്കി മുസ്‌ലിം ലീഗ്

Web Desk
|
9 Dec 2024 5:42 PM IST

വിഷയം യുഡിഎഫ് ചർച്ച ചെയ്യുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

മലപ്പുറം: മുനമ്പം വഖഫ് ഭൂമി വിവാദത്തിൽ പരസ്യപ്രസ്താവന വിലക്കി മുസ്‍ലിം ലീഗ്. സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനിക്കേണ്ടതെന്ന് പാർട്ടി നേരത്തെ വ്യക്തമാക്കിയതാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വിഷയം യുഡിഎഫ് ചർച്ച ചെയ്യുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കൾ. മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ നിലപാടല്ല ലീഗിന്റേതെന്ന് നേരത്തെ കെ.എം ഷാജി വ്യക്തമാക്കിയിരുന്നു. ഇതിനെ പിന്തുണച്ച് മുതിർന്ന നേതാവ് ഇ.ടി മുഹമ്മദ് ബഷീറും രംഗത്തെത്തിയിരുന്നു. നേതാക്കന്മാരുടെ പരാമർശങ്ങൾ ചർച്ചയായതിനു പിന്നാലെയാണ് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വാർത്താസമ്മേളനത്തിലൂടെ പരസ്യപ്രസ്താവന വിലക്കിയത്.

സർക്കാരാണ് വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് എന്നാണ് മുസ്‌ലിം സംഘടനകൾ പറഞ്ഞതെന്ന് സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി. രമ്യമായി പരിഹരിക്കാൻ സർക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. വിഷയത്തിൽ മറ്റ് അഭിപ്രായങ്ങൾ ലീഗിനില്ല. ഇനി ഈ വിഷയത്തിൽ ലീഗ് നേതാക്കളുടെ പ്രതികരണം ഉണ്ടാകാൻ പാടില്ല. മുസ്‌ലിം ലീഗ് നേതാക്കളിൽനിന്ന് ഈ വിഷയത്തിൽ ഇനി പരസ്യപ്രസ്താവന ഉണ്ടാകാൻ പാടില്ലെന്നും തങ്ങൾ വ്യക്തമാക്കി.

സാമുദായിക സൗഹാർദവും മതേതരത്വവും ബഹുസ്വരതയെയും ശക്തിപ്പെടുത്തുന്നതാണ് മുസ്‌ലിം ലീഗിന്റെ എക്കാലത്തെയും നയമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. രാഷ്ട്രീയ നീക്കുപോക്കുകൾക്കു വേണ്ടി അതിൽനിന്നു പിന്നോട്ടുപോകില്ല. സാമുദായിക സൗഹാർദത്തിനാണ് ലീഗ് പ്രാധാന്യം കൊടുക്കുന്നത്. മുനമ്പം വിഷയത്തിലും ഇതു തന്നെയാണു നിലപാട്. അല്ലാത്ത തരത്തിലുള്ള പ്രസംഗങ്ങളൊന്നും ലീഗിന്റെ അക്കൗണ്ടിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

Summary: Muslim League blocks public statement on Munambam Waqf land controversy

Similar Posts