
ക്രിസ്‌ത്യൻ സ്വതന്ത്രനെ സ്ഥാനാർഥിയാക്കാൻ ആലോചന; തിരുവമ്പാടി തിരിച്ചുപിടിക്കാൻ ലീഗ്
|പാർട്ടിയുമായി അകലം പാലിക്കുന്ന സിപിഎം നേതാവും ഒരു ഡോക്ടറും പരിഗണനയിലുണ്ടെന്നാണ് സൂചന.
കോഴിക്കോട്: തിരുവമ്പാടി സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ മുസ്‌ലിം ലീഗിൽ ആലോചന. ക്രിസ്‌ത്യൻ വിഭാഗത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തിയാൽ വിജയം ഉറപ്പിക്കാമെന്നാണ് ലീഗ് കണക്കുക്കൂട്ടൽ. പാർട്ടിയുമായി അകലം പാലിക്കുന്ന സിപിഎം നേതാവും മറ്റൊരാളും പരിഗണനയിലുണ്ടെന്നും സൂചന. തിരുവമ്പാടി സീറ്റ് മുസ്‌ലിം ലീഗ് സീറ്റായി തന്നെ നിലനിർത്തുന്നതാണ് നല്ലതെന്നാണ് യുഡിഎഫ് വിലയിരുത്തൽ.
കോഴിക്കോട്ട് ജില്ലയിലെ സുപ്രധാന മണ്ഡലമാണ് തിരുവമ്പാടി. കോൺഗ്രസിനും ലീഗിനും സ്വാധീനമുണ്ടെങ്കിലും കഴിഞ്ഞ രണ്ട് തവണയും സിപിഎമ്മാണ് വിജയിച്ചത്. തദ്ദേശ തെരഞ്ഞടുപ്പിൽ മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളും യുഡിഎഫിനൊപ്പമാണ്. മുക്കം മുനിസിപാലിറ്റിയും കാരശേരി പഞ്ചായത്തും മാത്രമാണ് എൽഡിഎഫിനുള്ളത്. എന്നാൽ സാമുദായിക സമവാക്യങ്ങൾ തെറ്റുന്നതോടെയാണ് സാഹചര്യം മാറിമറിയുന്നത്.
സാമുദായിക സമവാക്യത്തിന്റെ പേരിൽ ലീഗിന്റെ സീറ്റ് ഏറ്റെടുക്കുന്നത് ശരിയല്ലെന്ന അഭിപ്രായം കോൺഗ്രസിലും യുഡിഎഫിലും ഉയർന്നിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ലീഗ് തന്നെ മത്സരിക്കാനുള്ള തീരുമാനത്തിലെത്തിയത്. സംസ്ഥാന ഭരണമുറപ്പിക്കാനുള്ള ഓട്ടത്തിൽ സാധ്യതയുള്ള എല്ലാ സീറ്റിലും വിജയം ഉറപ്പിക്കുകയെന്നതാണ് യുഡിഎഫ് ലക്ഷ്യം. ഈ സാഹചര്യത്തിലാണ് തിരുവനമ്പാടി സീറ്റ് തിരിച്ചുപിടിക്കാൻ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള ഒരു സ്വതന്ത്രനെ കളത്തിലിറക്കാൻ ലീഗ് ആലോചിക്കുന്നത്.
രണ്ട് പേരുകളാണ് ലീഗിന്റെ മുന്നിലുള്ളത്. നേതൃത്വവുമായി അകന്നുനിൽക്കുന്ന ഒരു സിപിഎം നേതാവിനെ പുറത്തെത്തിച്ച് സ്ഥാനാർഥിയാക്കാനും അല്ലെങ്കിൽ മറ്റൊരു ഡോക്ടറെ സ്ഥാനാർഥിയാക്കാനുമാണ് ലീഗിലെ ആലോചന. സ്വതന്ത്രനെ മത്സരിപ്പിക്കുകയെന്ന പരീക്ഷണം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തരമൊരു നീക്കത്തിന് ലീഗ് ഒരുങ്ങുന്നത്. ക്രിസ്ത്യൻ സ്വതന്ത്രനെ നിർത്തിയാൽ നിലവിലെ എംഎൽഎ ലിന്റോയ്ക്ക് കിട്ടുന്ന വോട്ടുകൾ യുഡിഎഫിലേക്കെത്തിക്കാനാവുമെന്ന കണക്കുകൂട്ടലുമുണ്ട്.