< Back
Kerala
സർക്കാറിന്റെ വികസന സദസ്; യുഡിഎഫ് ആഹ്വാനം തള്ളി മുസ്‌ലിം ലീഗ്
Kerala

സർക്കാറിന്റെ വികസന സദസ്; യുഡിഎഫ് ആഹ്വാനം തള്ളി മുസ്‌ലിം ലീഗ്

വെബ് ഡെസ്ക്
|
7 Oct 2025 5:22 PM IST

മലപ്പുറം ജില്ലയിലെ മൊറയൂർ പഞ്ചായത്തിലാണ് വികസന സദസ് സംഘടിപ്പിച്ചത്

മലപ്പുറം: സർക്കാറിന്റെ വികസന സദസുമായി സഹകരിക്കേണ്ടതില്ലെന്ന യുഡിഎഫ് ആഹ്വാനം തള്ളി മുസ്‌ലിം ലീഗ്. മുസ്ലീം ലീഗ് ഭരിക്കുന്ന മലപ്പുറം ജില്ലയിലെ മൊറയൂർ പഞ്ചായത്തിലാണ് വികസന സദസ് സംഘടിപ്പിച്ചത്. വികസനപ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് വികസന സദസ് സംഘടിപ്പിച്ചതെന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലീൽ മുണ്ടോടൻ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള വിഡിയോയും വികസന സദസിൽ പ്രദർശിപ്പിച്ചു. 2016 ന് ശേഷം സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളാണ് വിഡിയോയിൽ ഉണ്ടായിരുന്നത്. സർക്കാറിനെ മാനിച്ച് മുന്നോട്ട് പോവേണ്ട സാഹചര്യമുണ്ടെന്നും അതുകൊണ്ടാണ് വിഡിയോ പ്രദർശിപ്പിച്ചതെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.

ലീഗ് പഞ്ചായത്ത് നേതൃത്വം കൊടുക്കുന്ന മറ്റു പഞ്ചായത്തുകളിലും വരും ദിവസങ്ങളിൽ വികസന സദസ് സംഘടിപ്പിക്കുമെന്നാണ് സൂചന. വികസ സദസുമായി സഹകരിക്കണമെന്ന് കാണിച്ച് മുസ്ലിം ലീഗ് ജില്ല കമ്മിറ്റിയുടെ കത്ത് പുറത്തുവന്നിരുന്നു. കത്ത് വിവാദമായതിന് പിന്നാലെ ജില്ല സെക്രട്ടറി പി അബ്ദുൽ ഹമീദ് എംഎൽഎ നിലപാട് തിരുത്തി രംഗത്തുവന്നിരുന്നു. പരസ്യമായി തിരുത്തി പറഞ്ഞുവെങ്കിലും നേരത്തെയുള്ള തീരുമാനവുമായി മുന്നോട്ട് പോവാനാണ് ലീഗ് നേതൃത്വം നൽകുന്ന പഞ്ചായത്തുകളുടെ തീരുമാനം.


Similar Posts