< Back
Kerala
muslim league
Kerala

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: കോൺഗ്രസിന്റേത് മികച്ച രാഷ്ട്രീയ നിലപാടെന്ന് മുസ്‍ലിം ലീഗ്

Web Desk
|
11 Jan 2024 7:45 AM IST

മതേതര - ന്യൂനപക്ഷ വോട്ടുകളും യു.ഡി.എഫിന് തന്നെ ലഭിക്കുമെന്ന പ്രതീക്ഷ ലീഗിനുണ്ട്

കോഴിക്കോട്: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് മികച്ച രാഷ്ട്രീയ തീരുമാനമാണെന്ന് മുസ്ലിം ലീഗ് വിലയിരുത്തൽ. മതപരമായ വികാരം മാനിച്ചുകൊണ്ടു തന്നെ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട തിരിച്ചറിഞ്ഞ് എടുത്ത ന്നിലപാടിന് പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കും. കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെടാൻ ഇത് ഇടയാക്കുമെന്നും ലീഗ് പ്രതീക്ഷിക്കുന്നു.

രാമക്ഷേത്രവുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ തീരുമാനം അവർ തന്നെ എടുക്കട്ടേ എന്ന നിലപാടിലായിരുന്നു മുസ്‍ലിം ലീഗ്. അതേസമയം, പ്രതിഷ്ഠാ ചടങ്ങിന്റെ പേരിൽ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന സൂചനയും മുസ്‍ലിം ലീഗ് നൽകി. ഇൻഡ്യ മുന്നണിയിലെ മറ്റു കക്ഷികളും ബി.ജെ.പിയുടെ രാഷ്ട്രീയ കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പ് നൽകിയിരുന്നു.

കോൺഗ്രസിന്റെ തീരുമാനം വലിയ ആ​ശ്വാസമാണെന്ന വിലയിരുത്തലിലാണ് ലീഗ്. ഈ വിഷയം ഏറെ സങ്കീർണമാണ്. മതപരവും വിശ്വാസപരവുമായ വിഷയം ഇതിലുണ്ട്. അതോടൊപ്പം തന്നെ രാഷ്ട്രീയ മുതലെടുപ്പിനും ഒരുകൂട്ടർ ശ്രമിക്കുന്നു. പ്രത്യേകിച്ച് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഈ വിഷയം അജണ്ടയായി തന്നെ ഉയർത്താനാണ് ബി.ജെ.പി നീക്കം.

പ്രതിഷ്ഠാ ചടങ്ങിൽനിന്ന് ശങ്കരാചാര്യൻമാർ മാറിനിൽക്കുന്നത് കോൺഗ്രസ് തീരുമാനത്തെ സഹായിക്കും. നിർമാണം പോലും പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്താൻ പാടില്ല എന്ന വിശ്വാസവും ബി.ജെ.പി ലംഘിക്കുകയാണ്.

അതിനാൽ തന്നെ രാമഭക്തരുടെയും ഹിന്ദുക്കളുടെയും വികാരത്തെ വ്രണപ്പെടുത്താതെ കോൺഗ്രസിന് തീരുമാനം എടുക്കാൻ സാധിച്ചു എന്ന ആശ്വാസത്തിലാണ് മുസ്‍ലിം ലീഗ്. ഇതിലെ രാഷ്ട്രീയം വിശദീകരിക്കുക വഴി പൊതുസമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാനും സാധിക്കും. കൂടാതെ ലോക്സഭ തെരഞ്ഞെടുപ്പിൽ മതേതര - ന്യൂനപക്ഷ വോട്ടുകളും യു.ഡി.എഫിന് തന്നെ ലഭിക്കുമെന്ന പ്രതീക്ഷയും ലീഗിനുണ്ട്.

Similar Posts