
Muttil Case Accused | Photo | Special Arragement
മുട്ടിൽ മരംമുറി: 10 അനുബന്ധ കുറ്റപത്രം വൈകുന്നു
|20 മാസത്തോളമായി കേസിലെ തുടർനടപടികൾ നിലച്ചിരിക്കുകയാണ്
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ 10 അനുബന്ധ കുറ്റപത്രങ്ങൾ സമർപ്പിക്കുന്നത് വൈകുന്നു. 2024 ജനുവരിയിലാണ് 30 അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ബാക്കി 10 എണ്ണം 20 മാസം കഴിഞ്ഞിട്ടും സമർപ്പിച്ചിട്ടില്ല. അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
അന്വേഷണം പൂർത്തിയാക്കി 2023 ഡിസംബർ രണ്ടിനാണ് ആദ്യ കുറ്റപത്രം സുൽത്താൻ ബത്തേരി കോടതിയിൽ സമർപ്പിച്ചത്. 2024 ജനുവരി 29ന് 30 അനുബന്ധ കുറ്റപത്രങ്ങളും സമർപ്പിച്ചു. ഇതിന് ശേഷം കേസിലെ തുടർനടപടികൾ നിലച്ചിരിക്കുകയാണ്.
2020-2021 കാലയളവിൽ വയനാട് മുട്ടിലിൽ നടന്ന കോടികളുടെ അനധികൃത മരംമുറി കേസിൽ രണ്ടുവർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. വയനാട് വാഴവറ്റ സ്വദേശികളും റിപ്പോർട്ടർ ചാനൽ ഉടമകളുമായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. മരങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലമാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്.