< Back
Kerala
രാജ്ഭവനെ വര്‍ഗീയവത്കരണത്തിന്റെ ഇടമാക്കരുത്; മന്ത്രി പ്രസാദിന്റേത് ശരിയായ നിലപാട്: എം.വി ഗോവിന്ദന്‍
Kerala

രാജ്ഭവനെ വര്‍ഗീയവത്കരണത്തിന്റെ ഇടമാക്കരുത്; മന്ത്രി പ്രസാദിന്റേത് ശരിയായ നിലപാട്: എം.വി ഗോവിന്ദന്‍

Web Desk
|
7 Jun 2025 11:50 AM IST

ബിജെപി വിരുദ്ധ സര്‍ക്കാരുള്ള എല്ലാ സംസ്ഥാനങ്ങളിലും വര്‍ഗീയവല്‍ക്കരണത്തിന്റെ ഉപകരണമായി ഗവര്‍ണറെ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണെന്ന് എം.വി ഗോവിന്ദന്‍

ഗവര്‍ണര്‍ വിഷയത്തില്‍ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്‍. വര്‍ഗീയ വല്‍ക്കരണത്തിന്റെ ഉപകരണമായി ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണ്. കാവി വല്‍ക്കരണത്തിന് നിരവധി ശ്രമങ്ങള്‍ നടത്തുന്നു. രാജ്ഭവന്‍ ഒരു ആര്‍എസ്എസ് കേന്ദ്രമായി ഉപയോഗിക്കരുതെന്നും ഗവര്‍ണറുടെ ആസ്ഥാനം പൊതുസ്ഥലമാണെന്നും എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

''ഭരണഘടനയുടെ ഭാഗമായി ഓരോരുത്തരുടെയും പദവിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ ഗവര്‍ണറുടെ പദവിയെ സംബന്ധിച്ച് വലിയ തര്‍ക്കമുണ്ടായിരുന്നു. ആ തര്‍ക്കത്തിന്റെ ഭാഗമായി, ഒരു ജനാധിപത്യ സമൂഹത്തില്‍ എല്ലാ അധികാര അവകാശങ്ങളും പാര്‍ലമെന്റിന് ആകുമ്പോള്‍ ഗവര്‍ണര്‍ എന്നത് അധികാര കേന്ദ്രമായി ഭരണഘടന നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിട്ടേ ഇല്ല,'' അദ്ദേഹം പറഞ്ഞു.

ഗവര്‍ണറെ നിയമസഭയുടെ മേലെ അധികാര കേന്ദ്രമായി നിര്‍ത്തേണ്ട കാര്യമില്ലെന്നാണ് സിപിഐയുടെയും സിപിഎമ്മിന്റെയും പണ്ടുമുതലേ ഉള്ള നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി പി. പ്രസാദിന്റേത് ശരിയായ നിലപാടാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും എം.വി ഗോവിന്‍ പറഞ്ഞു.

''കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റും സിപിഐയും ഒരു കാര്യം അന്നുമുതലെ അംഗീകരിച്ചിട്ടുണ്ട്. ഗവര്‍ണറെ യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ മേലെ അധികാര കേന്ദ്രത്തില്‍ നിര്‍ത്തേണ്ട കാര്യമില്ല, അത് പിന്‍വലിക്കേണ്ടതാണ്. സിപിഐയുടെയും സിപിഎമ്മിന്റെയും നിലപാട് ആയി പിന്നീട് അത് ഞങ്ങള്‍ ഉയര്‍ത്തിപിടിച്ചിട്ടുണ്ട്. സിപിഐക്കും സിപിഎമ്മിനും ഈ കാര്യത്തില്‍ ഒരു നിലപാടാണ് മാത്രമാണുള്ളത്. ഗവര്‍ണറെ യഥാര്‍ത്ഥത്തില്‍ പിന്‍വലിക്കേണ്ടതാണെന്നാണ് ഞങ്ങളുടെ എല്ലാം നിലപാട്. പണ്ടുമുതലുള്ള നിലപാട് അതാണ്. ഇനിയുള്ള നിലപാടും അതുതന്നെയാണ്.

ആ വാര്‍ത്ത വന്നതുമുതല്‍ പ്രസാദ് എന്ന മന്ത്രിയെ അഭിനന്ദിച്ച വ്യക്തിയാണ് ഞാന്‍. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലായാലും ബിജെപി വിരുദ്ധ ഗവണ്‍മെന്റുകളുള്ള എല്ലാ സംസ്ഥാനങ്ങളിലും വര്‍ഗീയവല്‍ക്കരണത്തിന്റെ ഉപകരണമായി ഗവര്‍ണറെ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. കാവി വല്‍ക്കരണത്തിന് വേണ്ടി നടത്തികൊണ്ടിരിക്കുന്ന ഒരുപാട് ശ്രമങ്ങളുണ്ട്. ഇതിന്റെ വേറൊരു പതിപ്പാണ് ഗവര്‍ണറുടെ ആസ്ഥാനമായ രാജ്ഭവനില്‍ നടത്തുന്നത്. പൊതുഇടത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുകയാണ്. അസംബന്ധമാണത്, അതിനെയാണ് ഞാന്‍ ശക്തമായി വിമര്‍ശിച്ചത്. അവിടെ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാത്രമാണ് ഇവിടെ പ്രധാനപ്പെട്ട പരിപാടി നടത്തുവാന്‍ അനുവദിക്കുകയൂള്ളൂ എന്ന നിലപാടിനോട് യോജിക്കാതെ പുറത്തുവന്ന കൃഷി വകുപ്പ് മന്ത്രി പ്രസാദിനെ അഭിനന്ദിക്കുന്നു. രാജ്ഭവന്‍ ആര്‍എസ്എസ് കേന്ദ്രമാക്കി ഉപയോഗിക്കാന്‍ പാടില്ല,'' എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

അതേസമയം വിഷയത്തില്‍ സുനില്‍ കുമാറും ബിനോയ് വിശ്വവും പ്രതികരിച്ചു. ആര്‍എസ്എസിനെ എതിര്‍ക്കുന്ന കാര്യത്തില്‍ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടെന്ന് വിഎസ് സുനില്‍ കുമാര്‍. ആര്‍എസ്എസിന്റെ ബിംബങ്ങള്‍ അതേപടി മറ്റുള്ളവര്‍ സ്വീകരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പതാകയാണ് ഭാരതാംബയെന്ന് ബിനോയ് വിശ്വം പറഞ്ഞു. മറിച്ചാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അംഗീകരിക്കില്ല. പ്രസാദിനെ വീട്ടില്‍ മുന്നില്‍ കാണുന്ന ആര്‍എസ്എസ് പ്രതിഷേധമാണ് അവര്‍ക്ക് ഇങ്ങനെ മാത്രമേ പ്രതികരിക്കാന്‍ കഴിയൂ എന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

Similar Posts