< Back
Kerala
MV Govindan
Kerala

'നിലപാടുകൾ പലപ്പോഴും മാറ്റിയിട്ടുണ്ട്, ഇനിയും മാറ്റും'; എം.വി ഗോവിന്ദൻ

Web Desk
|
14 Jun 2025 10:57 AM IST

നിലപാട് മാറ്റുന്നത് സാമൂഹ്യജീവിതത്തിന്‍റെ ഭാഗമായിട്ട് വരുന്ന രാഷ്ട്രീയ മാറ്റത്തെ അടിസ്ഥാനമാക്കിയാണ്

നിലമ്പൂര്‍: ജമാഅത്തെ ഇസ്‍ലാമിയെ അസോസിയേറ്റ് ആക്കിയ ആദ്യത്തെ സംഭവം കേരളത്തിലാണെന്നും അത് യുഡിഎഫ് ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജമാഅത്തെ ഇസ്‍ലാമി എന്നു പറയുന്ന ഒരു വര്‍ഗീയ, എല്ലാ അര്‍ഥത്തിലും ജനാധിപത്യവിരുദ്ധമായി മതരാഷ്ട്രം സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള ഒരു പാര്‍ട്ടിക്ക് പൂര്‍ണമായ അര്‍ഥത്തിൽ പിന്തുണ നൽകി അവരെ ഒപ്പം നിര്‍ത്തി അസോസിയേറ്റാക്കി മാറ്റിയ ആദ്യത്തെ പാര്‍ട്ടി കേരളത്തിലെ യുഡിഎഫാണ്. കോൺഗ്രസും ലീഗുമാണെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും ഗോവിന്ദൻ പരിഹസിച്ചു.

ജമ്മു കശ്മീരിലുണ്ടായിട്ടുള്ള ഭീകരാക്രമണത്തെ പ്രതിഷേധിക്കാതെ അതിനെതിരായിട്ട് നിലപാട് സ്വീകരിക്കാത്ത പ്രധാനപ്പെട്ട പ്രസ്ഥാനം ഏതാണെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ അത് ജമാഅത്തെ ഇസ്‍ലാമിയാണ്. വി.ഡി സതീശൻ അതിനാണ് മറുപടി പറയേണ്ടത്. ഹിന്ദുമഹാസഭയുമായി യാതൊരു ബന്ധവുമില്ല.അവരുമായി ഒരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ല. കള്ളപ്രചാരണത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ.

ജമാഅത്തെ ഇസ്‍ലാമിയുടെ നിലപാട് തിരുത്തി എന്നു പറയുന്നത് അവരെ വെള്ള പൂശാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമാണ്. ജമാഅത്തെ ഇസ്‍ലാമി ഒരു മാറ്റവും വരുത്തിയിട്ടില്ല. അതിന്‍റെ ഉദാഹരണമാണ് ഞാൻ നേരത്തെ പറഞ്ഞത്. ഞങ്ങളുടെ നിലപാടുകളൊക്കെ പലപ്പോഴും മാറ്റിയിട്ടുണ്ട്, ഇനിയും മാറ്റും. അതിനെന്താ സംശയമുള്ളത്. ഒരു നിലപാട് മാത്രം എടുക്കണമെന്ന് പറയുന്നതെന്തിനാണ്. നിലപാട് മാറ്റുന്നത് സാമൂഹ്യജീവിതത്തിന്‍റെ ഭാഗമായിട്ട് വരുന്ന രാഷ്ട്രീയ മാറ്റത്തെ അടിസ്ഥാനമാക്കിയാണ്. ഇപ്പോ അടിയന്തരാവസ്ഥ വരുന്നു. അപ്പോൾ നിലപാട് മാറ്റും. അടിയന്തരാവസ്ഥ മുൻപ് വന്നില്ലേ അപ്പോ നിലപാട് മാറ്റിയില്ലേ? നിലപാടൊന്നും മാറ്റില്ല, ഒറ്റ നിലപാടാണെന്ന് ആര് പറഞ്ഞു. ...ഗോവിന്ദൻ ചോദിച്ചു.



Related Tags :
Similar Posts