< Back
Kerala
സിബിഐ കൂട്ടിലടച്ച തത്ത; നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം തള്ളി എം.വി ഗോവിന്ദൻ
Kerala

'സിബിഐ കൂട്ടിലടച്ച തത്ത'; നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം തള്ളി എം.വി ഗോവിന്ദൻ

Web Desk
|
27 Nov 2024 5:05 PM IST

സിപിഎം നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു

ഇടുക്കി: നവീൻ ബാബുവിന്റെ മരണത്തിൽ കോടതി കേസ് ഡയറി പരിശോധിച്ച് പറയട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിബിഐ എന്നത് അവസാന വാക്കല്ല. സിബിഐ കൂട്ടിലടച്ച തത്തയാണ്. സിബിഐ അന്വേഷണത്തിൽ സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. സിപിഎം നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

'ശരിയായ രീതിയിൽ തന്നെയാണ് അന്വേഷണം നടക്കുന്നത്. അല്ലെങ്കിൽ അറസ്റ്റും ജയിൽകിടക്കേണ്ട അവസ്ഥയുമൊന്നും വരുന്നില്ലല്ലോ. ശരിയായ ദിശാബോധത്തോടെ തന്നെ ഇനിയും പ്രവർത്തിക്കും. സിബിഐ അന്വേഷണമാണ് എല്ലാത്തിനും അവസാനമെന്നത് ഞങ്ങൾ ഒരിക്കലും അംഗീകരിച്ചിട്ടില്ല. സുപ്രിംകോടതി പറഞ്ഞപോലെ സിബിഐ കൂട്ടിൽ കിടക്കുന്ന തത്തയാണ്. എന്തും പറയിപ്പിക്കാം. കേന്ദ്രം എന്താണോ ഉദ്ദേശിക്കുന്നത് അതിലേക്ക് കാര്യങ്ങൾ നീക്കുന്നതാണ് സിബിഐ'- എം.വി ഗോവിന്ദൻ പറഞ്ഞു.

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹരജിയിൽ കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അന്വേഷണം സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നൽകണം. സർക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. ഹരജി ഡിസംബർ 6ന് വീണ്ടും പരിഗണിക്കും.

Similar Posts