< Back
Kerala
ശബരിമല യുവതി പ്രവേശനം; സർക്കാർ നിലപാട് കോടതിയിൽ പറയുമെന്ന് എം.വി ഗോവിന്ദൻ
Kerala

ശബരിമല യുവതി പ്രവേശനം; സർക്കാർ നിലപാട് കോടതിയിൽ പറയുമെന്ന് എം.വി ഗോവിന്ദൻ

Web Desk
|
15 Feb 2026 11:12 AM IST

വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

പാലക്കാട്: ശബരിമല യുവതി പ്രവേശനത്തിൽ വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സർക്കാർ നിലപാട് കോടതിയിൽ പറയുമെന്നും അതിനെപറ്റി വേവലാതിപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യപരമായ അന്തസ് ഉയർത്തിപിടിക്കും. ശബരിമല വിഷയത്തിൽ സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ല. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ കയറ്റിയത്. പാർട്ടി നിലപാട് പറയേണ്ടപ്പോൾ പറയും. വിശ്വാസികളുടെ താൽപര്യങ്ങളും നിയമവും നടപ്പിലാക്കുമെന്നും ​ഗോവിന്ദൻ.

അതേസമയം, ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും ദേവസ്വം ബോര്‍ഡിന്‍റെ മുന്നില്‍ റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പൂര്‍ണമായ റിപ്പോര്‍ട്ട് വരുമ്പോൾ കൂടുതൽ പ്രതികരിക്കാം. തെറ്റായതും അപാകത നിറഞ്ഞതുമായ റിപ്പോര്‍ട്ടാണിത്. അതില്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ എസ്ഐആർ സംബന്ധിച്ച വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്തെ എസ്ഐആർ സമയം ഇനിയും നീട്ടി നൽകണം. ചില മണ്ഡലങ്ങളിൽ മറ്റ് മണ്ഡലങ്ങളിലെ ആളുകളെ ചേർക്കുന്നതായും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. വളഞ്ഞവഴിയിലൂടെ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നുവെന്നും കുറ്റപ്പെടുത്തൽ.

വികസന മുന്നേറ്റ ജാഥയുടെ യാത്രയിൽ ഉടനീളം വിദ്വേഷ പരാമർശങ്ങൾ നടക്കുന്നുവെന്ന വെൽഫെയർ പാർട്ടിയുടെ വിമർശനത്തിലും എം.വി ​ഗോവിന്ദൻ പ്രതികരിച്ചു. ജമാഅത്തെ ഇസ്‌ലാമിയാണ് ഏറ്റവും വലിയ വര്‍ഗീയവാദികളെന്നും അവരെ ആര് വിലവെക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.

മത രാഷ്ട്ര വാദത്തോട് യോജിപ്പില്ലെന്ന് സമസ്ത വ്യക്തമാക്കിയിട്ടുണ്ട്. സമസ്ത കൃതമായ മുന്നറിയിപ്പ് യുഡിഎഫിന് നല്‍കിയിരിക്കുകയാണ്. അത് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമുള്ള മുന്നറിയിപ്പാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

അതേസമയം, ശബരിമല യുവതി പ്രേവേശനത്തിൽ ആദ്യം പുന:പരിശോധന ബെഞ്ച് വരട്ടെയെന്നും അതിന് ശേഷം നിലപാട് പറയുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. സർക്കാർ നിലപാട് അല്ല പുതിയ ബെഞ്ച് പരിശോധിക്കുന്നത്. സർക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്ന് ബെഞ്ച് ആണ് തീരുമാനിക്കേണ്ടതെന്നും പി. രാജീവ്.

Similar Posts