< Back
Kerala
മന്ത്രിയുടെ കഴുത്തും കൈയും പിടിച്ചു തിരിച്ചെന്നാ വിവരം, കോൺഗ്രസ് അറിയാതെ ഇതൊന്നും   നടക്കില്ല;  എം.വി ഗോവിന്ദൻ
Kerala

'മന്ത്രിയുടെ കഴുത്തും കൈയും പിടിച്ചു തിരിച്ചെന്നാ വിവരം, കോൺഗ്രസ് അറിയാതെ ഇതൊന്നും നടക്കില്ല'; എം.വി ഗോവിന്ദൻ

Web Desk
|
25 Feb 2026 6:35 PM IST

വീണാ ജോർജിന് നേരെ ഉണ്ടായത് കനകോലു സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ആക്രമണമാണെന്നും ഗോവിന്ദന്‍ പറഞ്ഞു

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായി ഉണ്ടായത് നിഷ്ഠൂരമായ ആക്രമണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ടെന്നും, കഴുത്തും കൈയും പിടിച്ചു തിരിച്ചെന്നാ വിവരമെന്നും ഗോവിന്ദന്‍ പ്രതികരിച്ചു. 'ഇതുപോലെ ഒരു ആക്രമണം ഇന്നേവരെ വനിതാ മന്ത്രിമാർക്ക് എതിരെ കേരളത്തിൽ ഉണ്ടായിട്ടില്ല. ഇതൊന്നും കോൺഗ്രസ് അറിയാതെ നടക്കില്ല. വീണാ ജോർജിന് നേരെ ഉണ്ടായത് കനകോലു സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ആക്രമണമാണ്. അതിക്രൂരമായ കടന്നാക്രമണമാണ് കോൺഗ്രസ് ഉൾപ്പെടെ അറിഞ്ഞുകൊണ്ട് യൂത്ത് കോൺഗ്രസും കെഎസ്‍യുവും ചേർന്ന് നടത്തിയത്, മന്ത്രിയുടെ വീട്ടില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ റീത്ത് വെച്ചിരുന്നു,മന്ത്രിയെ കൊല്ലുക എന്നതാണ് അവര്‍ ഉന്നം വെച്ചത്'-എം.വി ഗോവിന്ദന്‍ പറഞ്ഞു.

ഇന്ന് ഉച്ചക്ക് ശേഷമാണ് കണ്ണൂരില്‍ കെഎസ്‍യുവിന്റെ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. കഴുത്തിന് പരിക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാധ്യമങ്ങളെ ഉൾപ്പെടെ അറിയിച്ച് ആസൂത്രിതമായ ആക്രമണമാണ് കെഎസ്‍യു നടത്തിയതെന്ന് മന്ത്രി വീണാ ജോർജ് ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, വീണാ ജോർജിനെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ് നടന്നതെന്നും കോൺഗ്രസിന്റേത് ഹീന രാഷ്ട്രീയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.


Similar Posts