< Back
Kerala
സഖാവ് എന്ന് പറഞ്ഞാൽ സഹപ്രവർത്തകൻ എന്നേ അർഥമുള്ളൂ; ഉമർ ഫൈസിക്ക് മറുപടിയുമായി എം.വി ഗോവിന്ദന്‍
Kerala

'സഖാവ് എന്ന് പറഞ്ഞാൽ സഹപ്രവർത്തകൻ എന്നേ അർഥമുള്ളൂ'; ഉമർ ഫൈസിക്ക് മറുപടിയുമായി എം.വി ഗോവിന്ദന്‍

Web Desk
|
5 Feb 2026 10:50 AM IST

സിപിഎം വിശ്വാസികൾക്കുവേണ്ടി നിലനിൽക്കുന്നവരാണെന്നും ഗോവിന്ദന്‍ പറഞ്ഞു

കണ്ണൂര്‍: വിശ്വാസിക്ക് സഖാവാകാൻ കഴിയില്ലെന്ന സമസ്ത നേതാവ് ഉമർ ഫൈസിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എന്താണ് ഉമർ ഫൈസി ഉദ്ദേശിച്ചതെന്ന് അറിയില്ലെന്നും തങ്ങൾ വിശ്വാസികൾക്കുവേണ്ടി നിലനിൽക്കുന്നവരാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സഖാവ് എന്നത് കൊണ്ട് സഹപ്രവർത്തകൻ എന്നു മാത്രമണ് ഉദ്ദേശിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

താന്‍ ലീഗ് വിരോധിയാണ്, സഖാവാണ് എന്നൊക്കെ പറയുന്നത് തെറ്റായ പ്രചാരണമാണെന്നായിരുന്നു ഉമര്‍ ഫൈസി മുക്കം പറഞ്ഞത്. 'ഒരു മുഅ്മിന്(വിശ്വാസി) സഖാവാകാൻ കഴിയില്ല. പാണക്കാട് കുടുംബം തണലാണ്. മുസ്‌ലിംകളെ നയിക്കുന്നത് പാണക്കാട് തങ്ങളാണ്. എന്നും ആ കുടുംബത്തോട് സ്നേഹമാണ്'- ഉമര്‍ ഫൈസി മുക്കം പറഞ്ഞു. കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഉമർ ഫൈസി മുക്കത്തെ വഖഫ് ബോർഡ് അംഗമായി നാമനിർദേശം ചെയ്തു. വഖഫ് ബോർഡ് പുനഃസംഘടന ചെയ്തതോടെയാണ് നടപടി. നിലവിലെ ചെയർമാൻ അഡ്വ. എം.കെ സക്കീറിനെ ചെയർമാനായും നാമനിർദേശം ചെയ്തു. വഖഫ് ബോർഡിലെ അമുസ്‌ലിം അംഗങ്ങളെ നോമിനേറ്റ് ചെയ്തിട്ടില്ല. എ.എ റഹിം എംപി, കെ.പി കുഞ്ഞമ്മദ് കുട്ടി എന്നിവരെയും അംഗങ്ങളായി നാമനിർദേശം ചെയ്തു.


Similar Posts