< Back
Kerala
സ്വപ്നയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല; എന്നെ കുടുക്കാൻ ശ്രമം നടക്കുന്നു: നികേഷ് കുമാർ
Kerala

സ്വപ്നയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല; എന്നെ കുടുക്കാൻ ശ്രമം നടക്കുന്നു: നികേഷ് കുമാർ

Web Desk
|
10 Jun 2022 1:41 PM IST

ആരുടെയും നാവാകാൻ താനില്ല. അങ്ങനെ വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. താൻ ആരുടെയും മധ്യസ്ഥനല്ല. മറിച്ച് തെളിയിക്കാമെങ്കിൽ പറയുന്ന പണി ചെയ്യാമെന്നും നികേഷ് കുമാർ പറഞ്ഞു.

തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് മാധ്യമപ്രവർത്തകൻ എം.വി നികേഷ് കുമാർ. സ്വപ്‌ന സുരേഷും ഷാജ് കിരണും കൂടി തന്നെ കുടുക്കാനാണ് ശ്രമിക്കുന്നതെന്നും നികേഷ് പറഞ്ഞു.

സ്വപ്‌നയുടെ അഭിമുഖം എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാജ് കിരൺ തനിക്ക് മെസേജ് അയച്ചത്. അഭിമുഖത്തിന്റെ പേര് പറഞ്ഞത് തന്നെ കുടുക്കാൻ ലക്ഷ്യമിട്ടാണ്. തന്ത്രപൂർവം തന്നെ പാലക്കാട്ട് എത്തിക്കാനായിരുന്നു ശ്രമം. ബോധപൂർവമായ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നത്. സ്വപ്‌നക്കും ഷാജ് കിരണിനും പിന്നിൽ മറ്റു ചിലരുള്ളതായി സംശയിക്കുന്നുവെന്നും നികേഷ് കുമാർ പറഞ്ഞു.

ആരുടെയും നാവാകാൻ താനില്ല. അങ്ങനെ വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. താൻ ആരുടെയും മധ്യസ്ഥനല്ല. മറിച്ച് തെളിയിക്കാമെങ്കിൽ പറയുന്ന പണി ചെയ്യാമെന്നും നികേഷ് കുമാർ പറഞ്ഞു. അതേസമയം, വിവാദങ്ങളിൽ നികേഷിന് ഒരു പങ്കുമില്ലെന്ന് ഷാജ് കിരൺ പറഞ്ഞു. സ്വപ്‌നയുടെ അഭിമുഖം എടുക്കുന്നതിനായാണ് നികേഷിനെ സമീപിച്ചത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അത് അന്വേഷിക്കണമെന്നും ഷാജ് കിരൺ ആവശ്യപ്പെട്ടു.

അതിനിടെ മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരൺ എത്തിയതെന്ന ആരോപണത്തിന് തെളിവായുള്ള ശബ്ദ സന്ദേശം ഇന്ന് മൂന്ന് മണിക്ക് പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. ഷാജ് കിരണിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവിടുക. പാലക്കാട് വെച്ചാകും ശബ്ദരേഖ പുറത്തുവിടുകയെന്നും സ്വപ്‌ന പറഞ്ഞു.

Similar Posts