< Back
Kerala
My hope for a better tomorrow lies in Sonam Wangchuk and Umar Khalid Says Prakash Raj
Kerala

സോനം വാങ്ചുക്കിലും ഉമർ ഖാലിദിലുമാണ് നല്ല നാളെയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷ: പ്രകാശ് രാജ്

ഷിയാസ് ബിന്‍ ഫരീദ്
|
22 Jan 2026 11:02 PM IST

സമാധാനപരമായ പ്രതിഷേധങ്ങളെ തീവ്രവാദമായി മുദ്രകുത്തുന്ന രീതി ജനാധിപത്യത്തെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: നല്ല നാളെയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷ ഇപ്പോഴും സോനം വാങ്ചുക്കിലും ഉമർ ഖാലിദിലുമാണെന്ന് നടൻ പ്രകാശ് രാജ്. 'സർവീസിൽ ഉള്ളപ്പോൾ ഉമർ ഖാലിദിന് ജാമ്യം അനുവദിക്കാത്ത ഒരു ജഡ്ജി കഴിഞ്ഞദിവസം പറയുന്നത് കേട്ടു, ഉമറിന് ജാമ്യം അനുവദിക്കാതിരിക്കുന്നത് തെറ്റാണെന്ന്. എന്തൊരു വൈരുധ്യം ആണെന്ന് നോക്കൂ'- പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. കോഴിക്കോട് കെഎല്‍എഫ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനപരമായ പ്രതിഷേധങ്ങളെ തീവ്രവാദമായി മുദ്രകുത്തുന്ന രീതി ജനാധിപത്യത്തെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും എഴുത്തുകാരും ചോദ്യം ചെയ്യപ്പെടുകയാണ്. അധികാരത്തിലുള്ളവർ നിയമത്തെ ദുരുപയോഗം ചെയ്ത് ഇവരെയൊക്കെ ഉപദ്രവിക്കുകയാണ്. റോഡുകൾ ഉപരോധിക്കുന്നത് തീവ്രവാദ പ്രവർത്തനം ആയത് എന്ന് മുതലാണെന്നും പ്രകാശ് രാജ് ചോദിച്ചു.

നേരത്തെ, രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി പ്രകാശ് രാജ് രം​ഗത്തെത്തിയിരുന്നു. ഇന്ത്യൻ കോടതികൾ രാജ്യത്തിന് നാണക്കേടാണെന്ന് പറഞ്ഞ പ്രകാശ് രാജ്, ഈ രാജ്യത്ത് സംഭവിക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കമാണെന്നും വ്യക്തമാക്കി. ഹൈദരാബാദിൽ എപിസിആർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു വിമർശനം.

ഒരുകാലത്ത് സാധാരണക്കാരന്റെ അവസാന പ്രതീക്ഷയായിരുന്നു കോടതികൾ. പൊലീസിനെ പേടിയുണ്ടായിരുന്ന കാലത്തും 'കോടതിയിൽ കാണാം' എന്ന് പറയാനുള്ള ധൈര്യം ജനങ്ങൾക്കുണ്ടായിരുന്നു. കാരണം കോടതി നമ്മളുടെ അവസാന പ്രതീക്ഷയായിരുന്നു. കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. കോടതി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്ന് നമുക്ക് അറിയാമായിരുന്നു.

ഭരിക്കുന്ന സർക്കാരിന്റെയോ ഒരു മതസ്ഥാപനത്തിന്റേയോ ഉടമസ്ഥതയിലുള്ളതല്ലെന്ന് നമുക്ക് ഉറപ്പായിരുന്നു. എന്നാൽ ഇന്ന്, ഈ വേദിയിൽ നിന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഇന്ത്യയിലെ കോടതികളേ, നിങ്ങളീ നാടിന് നാണക്കേടാണ്. കാരണം നിങ്ങൾ നീതിയോട് ഏറ്റവും വലിയ കുറ്റകൃത്യമാണ് ചെയ്യുന്നത്'- അദ്ദേഹം വിശദമാക്കി. രാജ്യത്ത് നടക്കുന്നത് ഒരു വംശഹത്യയ്ക്കുള്ള ഒരുക്കമാണെന്നും പ്രകാശ് രാജ് ആരോപിച്ചിരുന്നു.

Similar Posts