< Back
Kerala
mysterious death Kodagu mediaone investigation
Kerala

'മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവ്, ആന്തരികാവയവങ്ങള്‍ നീക്കംചെയ്തതായി സംശയം': ദുരൂഹത ഉയർത്തി കുടകിൽ വീണ്ടും ആദിവാസി മരണം

Web Desk
|
17 July 2023 10:50 AM IST

വയനാട്ടിൽ നിന്ന് കുടകിലേക്ക് ജോലിക്കായി പോകുന്ന ആദിവാസികളുടെ ദുരൂഹ മരണങ്ങളെ കുറിച്ച് മീഡിയവൺ അന്വേഷണ പരമ്പര

കുടക്: ദുരൂഹത ഉയർത്തി കുടകിൽ വീണ്ടും ആദിവാസി മരണം. വയനാട് പുൽപ്പളളി പാളക്കൊല്ലി കോളനിയിലെ ശേഖരന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം. ശേഖരന്റെ മൃതദേഹത്തിൽ ആഴത്തിലുളള മുറിവുകളുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആന്തരികാവയവങ്ങൾ നീക്കം ചെയ്തിരുന്നതായും സംശയമുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. മീഡിയവൺ അന്വേഷണ പരമ്പര തുടങ്ങുന്നു.

പരമ്പരാഗതമായി കുടകിലെ തോട്ടങ്ങളിൽ ജോലിക്ക് പോകുന്നവരായിരുന്നു ശേഖരനും കുടുംബവും. ഒടുവിലെ യാത്രയിൽ ശേഖരന്റെ ജീവനറ്റ ശരീരമാണ് പാളക്കൊല്ലി കോളനിയിലേക്ക് തിരികെയെത്തിയത്. കഴിഞ്ഞ മാസം ആദ്യമായിരുന്നു കുടകിലേക്കുളള ശേഖരന്റെ അവസാന യാത്ര. നാട്ടുകാരനായ ഒരാളാണ് ശേഖരനെ ഇത്തവണ കുടകിലേക്ക് ജോലിക്ക് കൂട്ടിയത്. രണ്ടാഴ്ചക്ക് ശേഷം ശേഖരന്റെ സഹോദരൻ ബാബുവിന്റെ ഫോണിലേക്ക് കുടകിൽ നിന്നും ഒരു വിളിയെത്തി. ശേഖരൻ അസുഖ ബാധിതനായി ഗുരുതരാവസ്ഥയിലെന്നായിരുന്നു വിവരം. കുടകിലെത്തിയ ബാബു കണ്ടത് തോട്ടത്തിലെ താത്കാലിക ഷെഡിൽ ബോധരഹിതനായി കിടക്കുന്ന സഹോദരനെ. സറഗൂൽ വിവേകാനന്ദ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഖരൻ ജൂൺ 20ന് മരിച്ചു.

ആംബുലൻസിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മൃതദേഹത്തിലെ ആഴത്തിലുളള മുറിവ് ബന്ധുക്കളുടെ ശ്രദ്ധയിൽ പെട്ടത്. വയറിന്റെ ഒരു ഭാഗം നെടുകെ പിളർന്ന നിലയിലായിരുന്നു മൃതദേഹം. ശേഖരനെ ആശുപത്രിയിലെത്തിച്ചത് സഹോദരനാണ്. ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട ശേഖരനെ പലവട്ടം ബന്ധുക്കൾ സന്ദർശിച്ചിരുന്നു. അപ്പോഴൊന്നും ഇല്ലാതിരുന്ന മുറിവെങ്ങനെ മൃതദേഹത്തിലുണ്ടായി എന്നതിലാണ് സംശയമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ആന്തരികാവയവങ്ങൾ നീക്കം ചെയ്ത നിലയിലായിരുന്നോ മൃതദേഹമെന്ന് പൊതുപ്രവർത്തകർ സംശയം പ്രകടിപ്പിക്കുന്നു. പോസ്റ്റുമോർട്ടം ചെയ്യാതെ മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിക്കാൻ പുറത്തുനിന്നുളള ചിലർ ഇടപെടൽ നടത്തിയതും ദുരൂഹതയുടെ ആക്കം കൂട്ടുന്നു. മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആദിവാസി പ്രവർത്തകർ വയനാട് കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.


Similar Posts