< Back
Kerala
N Vasu moves Supreme Court seeking bail in Sabarimala gold theft case
Kerala

ശബരിമല സ്വർണക്കൊള്ള കേ‌സ്: ജാമ്യം തേടി എൻ. വാസു സുപ്രിംകോടതിയിൽ

Web Desk
|
2 Jan 2026 3:57 PM IST

ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ.

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേ‌സിൽ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസു സുപ്രിംകോടതിയിൽ. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ. കേസിൽ രൂക്ഷവിമർശനം ഉന്നയിച്ചാണ് ഹൈക്കോടതി വാസുവിന്റെ ജാമ്യാപേക്ഷ തള്ളിയത്. ശൈത്യകാല അവധിയിലുള്ള സുപ്രിംകോടതി തിങ്കളാഴ്ചയോടെ ജാമ്യാപേക്ഷ പരിഗണിക്കും.

രണ്ടാഴ്ച മുമ്പാണ് എൻ. വാസുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ നേരിട്ട് ബന്ധമുള്ളവരാണ് മൂന്നു പ്രതികളുമെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുമെന്നും എസ്‌ഐടി വാദിച്ചു. ഇത് അംഗീകരിച്ചാണ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

ശബരിമലയിലെ കട്ടിളപ്പാളികൾ സ്വർണമാണെന്ന് രേഖപ്പെടുത്തിയ രേഖകളില്ലെന്നായിരുന്നു ഹൈക്കോടതിയിൽ എൻ. വാസുവിന്റെ വാദം. നേരത്തെ, കൊല്ലം വിജിലൻസ് കോടതിയും‌ എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതിൽ തനിക്ക് പങ്കില്ല. താൻ വിരമിച്ച ശേഷമാണ് പാളികൾ കൈമാറിയത്. ബോർഡിന്റെ ഉത്തരവ് ഇറങ്ങിയപ്പോഴും താൻ ചുമതലയിൽ ഉണ്ടായിരുന്നില്ലെന്നും വാസു കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാദങ്ങൾ കോടതി അം​ഗീകരിച്ചില്ല.



Similar Posts