
Najeeb Kanthapuram
തെരഞ്ഞെടുപ്പ് കേസ് നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നജീബ് കാന്തപുരം സുപ്രിംകോടതിയിൽ
|പോസ്റ്റൽ വോട്ടുകൾ എണ്ണേണ്ടതില്ലെന്ന് ഇടതുപക്ഷത്തിന്റെ കൗണ്ടിങ് ഏജന്റ് തന്നെ അംഗീകരിച്ചതാണെന്നും അതുകൊണ്ട് കേസ് നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നുമാണ് ഹരജിയിലെ ആവശ്യം.
ന്യൂഡൽഹി: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ നജീബ് കാന്തപുരം എം.എൽ.എ സുപ്രിംകോടതിയെ സമീപിച്ചു. കേസ് നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹരജി. കെ.പി.എം മുസ്തഫയുടെ തെരഞ്ഞെടുപ്പ് ഹരജി പ്രഥമദൃഷ്ട്യാ തള്ളണമെന്ന് നജീബ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് 348 പോസ്റ്റൽ വോട്ടുകൾ മാറ്റിവെച്ചത്. ഇത് എല്ലാ സ്ഥാനാർഥികളുടെയും കൗണ്ടിങ് ഏജന്റുമാർക്കും അറിയാവുന്നതാണ്. വോട്ടെണ്ണി കഴിഞ്ഞതിന് ശേഷവും മാറ്റിവെച്ചതെല്ലാം അസാധുവോട്ടുകൾ തന്നെയാണെന്ന് കൗണ്ടിങ് ഏജന്റുമാർ എഴുതി ഒപ്പിട്ടുകൊടുത്തതാണ്. അതുകൊണ്ട് തന്നെ കേസുമായി മുന്നോട്ട് പോകേണ്ടതില്ലെന്നുമാണ് നജീബിന്റെ വാദം.
ഹൈക്കോടതിയിൽ ഉന്നയിച്ച വാദം തന്നെയാണ് സുപ്രിംകോടതിയിലും നജീബ് കാന്തപരും ഉന്നയിച്ചത്. പോസ്റ്റൽ വോട്ടുകൾ എണ്ണേണ്ടതില്ലെന്ന് ഇടതുപക്ഷത്തിന്റെ കൗണ്ടിങ് ഏജന്റ് തന്നെ അംഗീകരിച്ചതാണെന്നും അതുകൊണ്ട് കേസ് നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നുമാണ് ഹരജിയിലെ ആവശ്യം.