< Back
Kerala
സിപിഎം മുഖപത്രം ശരീഅത്തിനെതിരെ കൊഞ്ഞനം കുത്തുന്നു; വിമർശനവുമായി നാസർ ഫൈസി കൂടത്തായി
Kerala

'സിപിഎം മുഖപത്രം ശരീഅത്തിനെതിരെ കൊഞ്ഞനം കുത്തുന്നു'; വിമർശനവുമായി നാസർ ഫൈസി കൂടത്തായി

Web Desk
|
15 Dec 2025 8:21 PM IST

'ദേശാഭിമാനി' പ്രസിദ്ധീകരിച്ച 'ഇദ്ദ മുഴക്കം' എന്ന കഥക്കെതിരെയാണ് നാസർ ഫൈസിയുടെ വിമർശനം

കോഴിക്കോട്: സിപിഎം മുഖപത്രമായ 'ദേശാഭിമാനി' പ്രസിദ്ധീകരിച്ച 'ഇദ്ദ മുഴക്കം' എന്ന കഥക്കെതിരെ വിമർശനവുമായി നാസർ ഫൈസി കൂടത്തായി. ആകാവുന്നത്ര വർഗീയതയും മുസ്‌ലിം വിരുദ്ധതയും തെരഞ്ഞെടുപ്പിൽ പ്രകടിപ്പിച്ച സിപിഎമ്മിന്റെ മുഖപത്രം ശരീഅത്തിനെതിരെ കൊഞ്ഞനം കുത്തുകയാണെന്ന് നാസർ ഫൈസി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം

ആകാവുന്നത്ര വർഗീയതയും മുസ്‌ലിം വിരുദ്ധതയും തെരഞ്ഞെടുപ്പിലും പ്രകടിപ്പിച്ച സിപിഎം ശരീഅത്തിനെതിരെ കൊഞ്ഞനം കുത്തുകയാണ് മുഖപത്രം ( ദേശാഭിമാനി ). ഇസ്‌ലാമിലെ ഇദ്ദാനുഷ്ഠാനത്തെ പരിഹസിച്ചും സ്ത്രീവിരുദ്ധമായി ചിത്രീകരിച്ചുമാണ് ഇന്നത്തെ ദേശാഭിമാനിയിലെ 'ഇദ്ദ മുഴക്കം' എന്ന ആർട്ടിക്കിൾ. ഒരു മുസ്‌ലിം പെൺകുട്ടിയെക്കൊണ്ട് തന്നെ എഴുതിച്ചിരിക്കുന്നു.

വിവാഹമോചിതയും ഭർത്താവ് മരണപ്പെട്ട വനിതയും അനുഷ്ഠിക്കേണ്ട കുറഞ്ഞ കാലയളവിലെ അനുഷ്ഠാനമാണത്. ലേഖനത്തിൽ അവതരിപ്പിക്കുന്ന പോലെ പാരതന്ത്ര്യമായും പീഡനമായും നിർവഹിക്കേണ്ടതല്ല, അപ്രകാരം നടക്കുന്നുമില്ല. പിന്നെ മനുഷ്യത്വത്തോട് ചേർന്ന് തന്നെ ചില ത്യാഗവും സമർപ്പണവും അതിലുണ്ട്. പരിഷ്‌കൃതസമൂഹത്തിൽ പോലും അത് വിമർശിക്കപ്പെട്ടിട്ടില്ല. അറിവെത്താത്ത ഏതെങ്കിലും ഗൃഹാതുരങ്ങളിൽ കാട്ടിക്കൂട്ടലുണ്ടെങ്കിൽ അതിനെ ഇദ്ദയായി അടയാളപ്പെടുത്തേണ്ടതുമില്ല.

'ദിക്‌റും നിസ്‌കാരവും നിർവഹിക്കട്ടെ, സ്വന്തം ആത്മാവിനെ ഒന്ന് ഇഷ്ടത്തോടെ ചലിക്കാൻ അനുവദിക്കണ്ടേ' എന്ന് ലേഖനം ചോദിക്കുന്നത് എന്ത് വസ്തുതയിലാണ്? ധാർമിക കുടുംബവും സദാചാര വഴിയും ലക്ഷ്യമാക്കുന്നവർക്ക് ഇദ്ദ യുക്തിസഹവും ശാസ്ത്രീയവും തന്നെയാണ്. വഴിവിട്ട ഫെമിനിസത്തിനും അതി ലിബറലിസത്തിനും അത് ഉൾക്കൊള്ളാനായില്ലെങ്കിലും അത് മതാനുഷ്ഠാനമായി മുസ്‌ലിം സ്ത്രീകൾ നാളിതുവരെ ഉൾക്കൊണ്ടിട്ടുണ്ട്. ഇദ്ദയുടെ മറവിൽ വെച്ചുകെട്ടിയ നാട്ടാചാരങ്ങൾ എവിടെയുണ്ടോ അവിടെ ബോധവൽക്കരണങ്ങൾ ഇനിയും ആവശ്യവുമാണ്. അതിനെ പൊക്കിക്കാട്ടി ഖുർആനിന്റെ പരാമർശത്തെയല്ല അപഹസിക്കേണ്ടത്.

'ഇതിയാന്മാർ എന്നെങ്കിലും കേട്ടിരിക്കുമോ ഈ മുഴക്കങ്ങൾ, ഇതിയാന്മർ എടുക്കുമോ ഈ അയ്യാമൻ മഅ്ദൂദാത്ത്' എന്നാണ് ലേഖനം അവസാനിക്കുന്നത്. 'ഇതിയാന്മാർ' ആർക്ക് നേരെയുള്ള പ്രയോഗമാണെന്ന് തിരിച്ചറിയാം. ഫെമിനിസവും സ്ത്രീവാദവും പുരുഷ വിരോധമായും മതനിന്ദയായും പുറത്ത് വരുന്നതാണ് ഇതൊക്കെ. ഇദ്ദ പുരുഷൻ ഇരിക്കുമോ എന്ന ചോദ്യം ഇദ്ദയുടെ ശാസ്ത്രം അറിയാത്തവരുടേതാണ്. പുരുഷൻ ധരിക്കുമോ ഗർഭം, ക്രമീകരിക്കുമോ ആർത്തവം? എന്ന ചോദ്യം പോലെ ശുദ്ധ അസംബന്ധം മാത്രം!

സ്ത്രീവിരുദ്ധമായ ഒറ്റപ്പെട്ട ബഹുഭാര്യത്വ പീഡനവും വിവാഹമോചന പീഡനവും പറഞ്ഞ് ശരീഅത്തിന്റെ നിയമങ്ങളെ തള്ളിപ്പറഞ്ഞ് ഒടുക്കം മുതലക്കുളത്ത് കുമ്പസരിച്ച മാർക്‌സിസ്സ്റ്റ് ആചാര്യന്മാരെ ദേശാഭിമാനി മറന്നു പോയോ. ഇസ്‌ലാമിലെ അവഹേളിക്കുന്നവരെ എഴുന്നള്ളിച്ചും മുസ്‌ലിം വിരുദ്ധ പ്രചരണമാക്കിയും തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ മതേതര കേരളം സിപിഎമ്മിനെ തള്ളി. എന്നിട്ടും പഠിക്കാതെയാണ് മുസ്‌ലിം വേഷത്തിലെ ഫോട്ടോ കാണിച്ച് ഒരു ലേഖികയിലൂടെ മതനിയമങ്ങളെ വക്രീകരിച്ച് പരിഹസിക്കുന്നത്. ഇസ്‌ലാമിനെ വിമർശിച്ചാൽ ഹിന്ദു പ്രീതി കിട്ടുമെന്നത് മൗഢ്യമാണെന്ന് തെരഞ്ഞെടുപ്പിൽ ബോധ്യപ്പെട്ടിട്ടും അത് വിട്ടൊഴിയാതെ കേരള മാർക്‌സിസം തുടരുന്നത് രക്തത്തിൽ അലിഞ്ഞ മതവിരുദ്ധത തന്നെയാണ്.

Similar Posts