< Back
Kerala
നാഷണൽ ഫാർമേഴ്സ് പാർട്ടി; ബിജെപി അനൂകൂല ക്രൈസ്തവ പാർട്ടി പ്രഖ്യാപിച്ച് കേരള ഫാർമേഴ്സ് ഫെഡറേഷൻ
Kerala

നാഷണൽ ഫാർമേഴ്സ് പാർട്ടി; ബിജെപി അനൂകൂല ക്രൈസ്തവ പാർട്ടി പ്രഖ്യാപിച്ച് കേരള ഫാർമേഴ്സ് ഫെഡറേഷൻ

Web Desk
|
24 May 2025 2:01 PM IST

കർദിനാൾ ജോർജ് ആലഞ്ചേരി പാർട്ടി രൂപികരണ ചർച്ചക്ക് എത്തിയില്ല

കോട്ടയം: ക്രൈസ്തവ വിഭാഗം നേതാക്കളെ ഉൾപ്പെടുത്തി ബിജെപി അനുകൂല രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് കേരള ഫാർമേഴ്സ് ഫെഡറേഷൻ. നാഷണൽ ഫാർമേഴ്സ് പാർട്ടി എന്ന പേരിലാണ് പുതിയ പാർട്ടി രൂപീകരിച്ചത്. എഐസിസി മുൻ അംഗവും കേരളാ കോൺഗ്രസ് എംഎൽഎയുമായിരുന്ന ജോർജ് ജെ. മാത്യു ആണ് ചെയർമാൻ. കർദിനാൾ ജോർജ് ആലഞ്ചേരി പാർട്ടി രൂപികരണ ചർച്ചക്ക് എത്താതിരുന്നത് ദുഷ്പ്രചരണം നടന്നതിനാലാണെന്ന് ജോർജ് ജെ. മാത്യു പറഞ്ഞു.

കാർഷിക വിഷയങ്ങളും ദേശീയതയുമാണ് പുതിയ പാർട്ടിയുടെ അജണ്ടയും സമീപനവും. നിലവിൽ ഒരു മുന്നണിയുമായി ധാരണയില്ലെന്ന് പറയുമ്പോഴും ബിജെപി അനൂകൂല നിലപാടെന്നത് പരസ്യമാണ്. ഇന്നലെ ചേർന്ന പാർട്ടി രൂപകരണ യോഗം ഉദ്ഘാടനം ചെയ്തത് എൻഡിഎ ഘടകകക്ഷി നേതാവ് തുഷാർ വെള്ളാപ്പള്ളിയാണെന്നതും പാർട്ടിയുടെ ബിജെപി ബന്ധം അരക്കിട്ടുറപ്പിക്കുന്നു. എന്നാൽ കർദിനാൾ ആലഞ്ചേരി പാർട്ടി രൂപികരണ ചർച്ചക്ക് എത്താതിരുന്നത് സഭ പിന്തുണ ഉറപ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടിയെന്നും നേതൃത്വം വിലയിരുത്തുന്നു. പുതിയ പാർട്ടി തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കും.

ബിജെപി അനുകൂല ക്രൈസ്തവ പാർട്ടിയെന്ന പ്രചരണത്തിൽ കത്തോലിക്ക സഭ നേതൃത്വത്തിലും അഭിപ്രായ ഭിന്നതയുണ്ട്. ആലഞ്ചേരി വിട്ടു നിന്നത് ഭിന്നത വ്യക്തമാക്കുന്നു. സഭാ നേതൃത്വത്തിൻ്റെ പിന്തുന്ന ഇല്ലാതെ സംഘാടന പ്രവർത്തനം സാധ്യമാകുമോയെന്നത് പാർട്ടി നേതൃത്വത്തിനും ആശങ്കയാണ്.

Similar Posts