
വി.ഡി സതീശൻ Photo | MediaOne
ദേശീയ സെക്രട്ടറി സ്ഥാനം: 'അബിൻ വർക്കിയുടെ വിയോജിപ്പ് വ്യക്തിപരമായ അഭിപ്രായം'; വി.ഡി സതീശൻ
|മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് അയച്ചതിൽ വൈകാരികതയല്ല, മുഖ്യമന്ത്രിയുടെ മറുപടിയാണ് വേണ്ടതെന്ന് വി.ഡി.സതീശൻ പറഞ്ഞു
തിരുവനന്തപുരം: അബിൻ വർക്കിയ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് യോഗ്യനായതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിയോജിപ്പ് പ്രകടിപ്പിച്ചത് അബിൻ വർക്കിയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും നിലവിലെ യൂത്ത് കോൺഗ്രസ് യോഗ്യരായവരുടെ ടീമാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കമ്മിറ്റി കൂടിയാലോചിച്ചാണ് സംസ്ഥാന ഭാരവാഹികളെ തീരുമാനിച്ചത്. തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം ഒന്നിനൊന്ന് മെച്ചം. നല്ല ഒത്തിണക്കമുള്ള ടീം വർക്കോടെ പുതിയ നേതാക്കൾ യൂത്ത് കോൺഗ്രസിനെ കൂടുതൽ മികവോടെ മുന്നോട്ട് നയിക്കുമെന്നാണ് പ്രതീക്ഷ. എല്ലാവരുമായും വ്യക്തിപരമായി നല്ല അടുപ്പമുണ്ട്. എല്ലാവർക്കും ആശംസകളെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
പാർട്ടിക്ക് വേണ്ടി തല്ലുകൊണ്ട കണക്കുകൾ നിരത്താനാണെങ്കിൽ ഇനിയും ഒരുപാടാളുകളെ കുറിച്ച് സംസാരിക്കേണ്ടിവരും. പാർട്ടിക്ക് വേണ്ടി നടത്തിയ സമരങ്ങളിൽ പൊലീസ് കേസെടുത്ത വേറെയും ഒരുപാട് ആളുകളുണ്ട്. 250ലേറെ കേസുകളുള്ളവർ പൊതുപ്രവർത്തനം തുടരുന്നുണ്ട്. അതുകൊണ്ട് ഇത്തരം വ്യക്തിപരമായ അഭിപ്രായങ്ങളിൽ കൂടുതൽ സംസാരം ആവശ്യമില്ലെന്നും സതീശൻ വ്യക്തമാക്കി.
ദേശീയ സെക്രട്ടറിയായി നിയമിച്ചതിൽ അതൃപ്തി വ്യക്തമാക്കി അബിൻ വർക്കി മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. തന്നെ കേരളത്തിൽ തുടരാൻ അനുവദിക്കണമെന്നായിരുന്നു അബിൻ വർക്കിയുടെ ആവശ്യം. കാലങ്ങളായി യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ചു വരുന്നു. പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും കേരളത്തിൽ തുടരാൻ അനുവദിക്കണമെന്ന് പാർട്ടിയോട് അഭ്യർഥിക്കുമെന്നും അബിൻ വർക്കി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് അയച്ചതിൽ വൈകാരികതയല്ല, മുഖ്യമന്ത്രിയുടെ മറുപടിയാണ് വേണ്ടതെന്ന് വി.ഡി.സതീശൻ പറഞ്ഞു. കേസ് മറച്ചുവെച്ചതിന് പിന്നിൽ ആരാണ്. മറ്റുള്ള പ്രതിപക്ഷ സർക്കാറുകൾക്ക് നേരെ ഇഡി നടപടി എടുക്കാറുണ്ട്. പിണറായി വിജയന്റെ മകന് നേരെ നടപടി വേണ്ടെന്ന് ഇഡിക്ക് മുകളിൽ നിന്ന് നിർദേശം വന്നോയെന്നും സതീശൻ ചോദിച്ചു.