
രാജ്യവ്യാപക വോട്ടർ പട്ടിക പരിശോധന: 'ഉന്നം വെക്കുന്നത് ന്യൂനപക്ഷങ്ങളെ'; ഐഎൻഎൽ
|ജനാധിപത്യത്തെ അട്ടിമറിക്കുന്ന കേന്ദ്രസർക്കാരിൻ്റെ ഈ നീക്കത്തിന് സുപ്രിംകോടതി അനുകൂല നിലപാടെടുത്തത് ഈ ദിശയിൽ ഏതറ്റം വരെ പോകാനും കേന്ദ്രസർക്കാരിന് ധൈര്യം പകരുന്നുണ്ടെന്ന് ഐഎൻഎൽ നേതാക്കൾ പറഞ്ഞു
കോഴിക്കോട് : രാജ്യവ്യാപകമായി വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധന സംഘ്പരിവാറിന്റെ ആസൂത്രിത പദ്ധതിയാണെന്ന് ഐഎൻഎൽ. ന്യൂപക്ഷങ്ങളുടെയും അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും പൗരത്വ നിഷേധമാണ് അതിൻ്റെ അന്തിമ ലക്ഷ്യമെന്നും ഐഎൻഎൽ അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തെ അട്ടിമറിക്കുന്ന കേന്ദ്രസർക്കാരിൻ്റെ ഈ നീക്കത്തിന് സുപ്രിംകോടതി അനുകൂല നിലപാടെടുത്തത് ഈ ദിശയിൽ ഏതറ്റം വരെ പോകാനും കേന്ദ്രസർക്കാരിന് ധൈര്യം പകരുന്നുണ്ടെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ എംഎൽഎയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് ആഗതമായ ബീഹാറിൽ തുടരുന്ന വോട്ടർ പട്ടിക പരിശോധന ടെസ്റ്റ് ഡോസ് മാത്രമാണ്. അസമിൽ നിന്ന് ലക്ഷക്കണക്കിന് മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തുകയോ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് തള്ളുകയോ ചെയ്തു കഴിഞ്ഞു. ബംഗാളിലും ദൽഹിയിലും ഉടൻ പരിശോധന തുടങ്ങുമെന്ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തുടനീളം അടുത്ത മാസത്തോടെ ഈ പ്രക്രിയ ആരംഭിക്കണമെന്ന് ഇലക്ട്രറൽ ഓഫീസർമാർക്ക് നിർദേശം നൽകി കഴിഞ്ഞു. തങ്ങൾ ഉദ്ദേശിക്കുന്നവർക്ക് വോട്ടവകാശവും ഒപ്പം പൗരത്വവും നിഷേധിക്കാനുള്ള ആർഎസ്എസിന്റെ ചിരകാല പദ്ധതിയാണ് നടപ്പാക്കാൻ പോകുന്നതെന്ന് ഐഎൻഎൽ പ്രസ്താവനയിൽ പറഞ്ഞു.
നാസി ജർമ്മനിയിൽ 'ഗെറ്റോ'കളിൽ കഴിഞ്ഞ ജൂത ന്യൂനപക്ഷത്തെയും മറ്റു ദുർബല വിഭാഗങ്ങളെയും നാടുകടത്തുന്നതിനും ഗ്യാസ് ചേമ്പറിലിട്ട് കൂട്ടക്കൊല ചെയ്യുന്നതിനും മുമ്പ് രാജ്യവ്യാപകമായി ഇത്തരം തിരച്ചിലുകൾ നടത്തി പൗരത്വ പട്ടികയിൽ നിന്ന് വലിയൊരു വിഭാഗത്തെ പുറന്തള്ളിയിരുന്നു. മോദി സർക്കാരിൻ്റെ കളിപ്പാവയായ തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് തീവ്ര വോട്ടർ പട്ടിക പരിശോധനയ്ക്ക് ഒരുമ്പെട്ടിറങ്ങിയപ്പോൾ, പൗരത്വ വിഷയങ്ങൾ തീരുമാനിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അവകാശമില്ല എന്ന പ്രതിപക്ഷത്തിൻ്റെ വാദം ഉന്നത നീതിപീഠം നിരാകരിച്ചതോടെ വിഷയം അതീവ സങ്കീർണ്ണമായിരിക്കുകയാണെന്നും ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങുകയേ നിർവ്വാഹമുള്ളുവെന്നും ഐഎൻഎൽ നേതാക്കൾ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.