< Back
Kerala
ഞാൻ നൽകിയ മൊഴിയല്ല പുറത്തുവന്നത്: നയന സൂര്യയുടെ മരണത്തില്‍ പൊലീസിനെ വെട്ടിലാക്കി ഫോറൻസിക് സർജന്‍റെ വെളിപ്പെടുത്തൽ
Kerala

'ഞാൻ നൽകിയ മൊഴിയല്ല പുറത്തുവന്നത്': നയന സൂര്യയുടെ മരണത്തില്‍ പൊലീസിനെ വെട്ടിലാക്കി ഫോറൻസിക് സർജന്‍റെ വെളിപ്പെടുത്തൽ

Web Desk
|
11 Jan 2023 7:11 AM IST

കഴുത്തിലെ മുറിവുകളിൽ സംശയം തോന്നിയതിനാൽ ആദ്യം തന്നെ കൊലപാതക സാധ്യത ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് ഡോ.ശശികല

തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യന്റെ മരണത്തിൽ ഫോറൻസിക് സർജന്റെ വെളിപ്പെടുത്തൽ പൊലീസിനെ വെട്ടിലാക്കുന്നു. താൻ നൽകിയ മൊഴിയല്ല പുറത്തുവന്നത് എന്നാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജൻ കെ ശശികല വെളിപ്പെടുത്തിയത്. ഇതോടെ പൊലീസ് അന്വേഷണത്തിൽ അട്ടിമറി നടന്നു എന്ന ആരോപണം ശക്തമാവുകയാണ്.

പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് ഡോക്ടര്‍ കെ.ശശികലയുടെ മൊഴിയിലൂടെയാണ് നയനയുടേത് ആത്മഹത്യ എന്ന നിഗമനത്തിലേക്ക് കേസ് ആദ്യം അന്വേഷിച്ച മ്യൂസിയം പൊലീസ് എത്തിയത്. ബെഡ് ഷീറ്റ് കൊണ്ട് കഴുത്തില്‍ കുരുക്കിട്ടതിനിടെ ഷുഗര്‍ ലെവല്‍ താഴ്ന്നതാവാം മരണ കാരണമെന്ന് മൊഴിപ്പകര്‍പ്പില്‍ പറയുന്നു. ഇത്തരത്തിൽ കഴുത്തില്‍ കുരുക്കിട്ട് ആനന്ദം കണ്ടെത്തുന്നത് സെക്ഷ്വല്‍ അസ്ഫിക്സിയ എന്ന ദുസ്വഭാവമുള്ളവരാണെന്നും മൊഴിയിലുണ്ട്. ശശികലയെ വായിച്ച് കേള്‍പ്പിച്ച് ശരിയെന്ന് സമ്മതിച്ചതാണ് മൊഴിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ മൊഴി പൂർണമായും ശശികല തള്ളുകയാണ്.

അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയ മൊഴിയല്ല പുറത്തുവന്നതെന്നാണ് ശശികല പറയുന്നത്. കഴുത്തിലെ മുറിവുകളില്‍ സംശയം തോന്നിയതിനാല്‍ ആദ്യം തന്നെ കൊലപാതക സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. ഫോറൻസിക് സർജന്റെ മൊഴി കൂടിയായതോടെ കേസ് അട്ടിമറിക്കാനായി പൊലീസ് വ്യാജ മൊഴി തയ്യാറാക്കിയെന്ന ആരോപണം ശക്തിപ്പെടുകയാണ്.



Similar Posts