< Back
Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മനുഷ്യബോംബ്; യാത്രക്കാരന്‍റെ ഭീഷണി,  മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍
Kerala

'നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മനുഷ്യബോംബ്'; യാത്രക്കാരന്‍റെ ഭീഷണി, മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍

Web Desk
|
21 Oct 2024 6:09 PM IST

വിമാനങ്ങൾക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണി ഗൗരവതരമാണെന്നും ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിൽപ്പെടുത്തുമെന്നും വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കിയിരുന്നു

കൊച്ചി: വ്യോമയാന മന്ത്രിയുടെ മുന്നറിയിപ്പിനു പിന്നാലെയും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തില്‍ മനുഷ്യബോംബ് സാന്നിധ്യമുണ്ടെന്നു യാത്രക്കാരന്‍ ഭീഷണി മുഴക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വിമാനം അരമണിക്കൂറിലേറെ വൈകി.

വൈകീട്ട് 3.50ന് മുംബൈയിലേക്കു പുറപ്പെടേണ്ടിയിരുന്ന വിസ്താര വിമാനത്തിലെ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. സിഐഎസ്എഫ് പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനെയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു. എയർ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എക്സിലൂടെയായിരുന്നു ഭീഷണി എത്തിയത്. സുരക്ഷാ വിഭാഗത്തിൽ സന്ദേശം എത്തിയതിന് മുൻപേ വിമാനങ്ങൾ പുറപ്പെട്ടിരുന്നു. ഇന്നലെ മാത്രം രാജ്യത്ത് ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, ആകാശ എയർ തുടങ്ങിയ കമ്പനികളുടെ 32 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണിയുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ് ഭീഷണികളാണ്.

വിമാനങ്ങൾക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണി ഗൗരവതരമാണെന്നും ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിൽപ്പെടുത്തുമെന്നും വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കിയിട്ടുണ്ട്. വ്യോമയാന സുരക്ഷാ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ ആലോചിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ മറ്റു മന്ത്രാലയങ്ങളുമായി ചർച്ചകൾ നടത്തും. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Summary: Passenger threatens that there was a human bomb at the Nedumbassery airport

Similar Posts