
Photo: Special arrangement
നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷന് കേന്ദ്ര റെയിൽവേ ബോർഡിന്റെ പച്ചക്കൊടി; ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും
|വന്ദേഭാരത് ഉൾപ്പെടെ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്
ഡൽഹി: നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷന് അനുമതി. കേന്ദ്രറെയിൽവേ ബോർഡാണ് അനുമതി നൽകിയത്. അനുമതി നൽകിയവിവരം കേന്ദ്രസഹമന്ത്രി ജോർജ്കുര്യനെ അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ നെടുമ്പാശ്ശേരി സ്റ്റേഷൻ നിർമാണം പൂർത്തിയാക്കുമെന്നും വന്ദേഭാരത് ഉൾപ്പെടെ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടാകുമെന്നും ജോർജ് കുര്യനെ അറിയിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളം ഉപയോഗപ്പെടുത്തുന്ന യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറെനാളത്തെ ആവശ്യവും ആഗ്രഹവുമായ നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷനാണ് കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിച്ചിരിക്കുന്നത്. റെയിൽവേ ബോർഡിന്റെ ഫിനാൻഷ്യൽ അനുമതി മാത്രമാണ് നിലവിൽ ലഭിച്ചിട്ടുള്ളതെങ്കിലും സ്റ്റേഷൻ നിർമാണത്തെ സംബന്ധിച്ചിടത്തോളം നിർണായകമായ ഒരു ഘട്ടമാണ് ഇത്. വിമാനത്താവളത്തോട് ചേർന്നുനിൽക്കുന്ന റെയിൽവേ സ്റ്റേഷനിനായി റെയിൽവേ ബോർഡിന് മുമ്പിലും മന്ദ്രാലയത്തിലും നിരന്തരമായി മലയാളികൾ ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും പതിറ്റാണ്ടുകളായി തുടരുന്ന ഈ ആവശ്യം ഇതുവരേയ്ക്കും പരിഗണിച്ചിരുന്നില്ല. പിന്നീട്, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈശ്ണവ് സ്ഥലം പരിശോധിക്കുകയും പ്ലാനുകൾ തയ്യാറാക്കുകയും ചെയ്തിരുന്നു. കേന്ദ്ര സഹമന്ത്രിയായ ജോർജ് കുര്യൻ നിരന്തരമായി ഫോളോ അപ്പ് ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് റെയിൽവേ സ്റ്റേഷന് അനുമതി നൽകിയ വിവരം മന്ത്രിയെ നേരിട്ട് വിളിച്ച് അറിയിച്ചിരിക്കുന്നത്.
മൂന്ന് മാസത്തിനുള്ളിൽ സ്റ്റേഷന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. വന്ദേഭാരത് ഉൾപ്പെടെ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.