
കെ-സോട്ടോയുടെ മരണാനന്തര അവയവദാന പദ്ധതിക്ക് പുതിയ ഭാരവാഹികൾ
|ദക്ഷിണമേഖല നോഡൽ ഓഫീസറായിരുന്ന ഡോ. എം. കെ. മോഹന്ദാസ് രാജി വെച്ചിരുന്നു
തിരുവനന്തപുരം: കെ-സോട്ടോയുടെ മരണാനന്തര അവയവദാന പദ്ധതിക്ക് പുതിയ ഭാരവാഹികൾ. ദക്ഷിണ, മധ്യ, ഉത്തര മേഖലകളിലേക്ക് പുതിയ നോഡൽ ഓഫീസർമാരെ നിയമിച്ചു. ദക്ഷിണമേഖല നോഡൽ ഓഫീസറായി ഡോ. ജി. രാഗി കൃഷ്ണനെ നിയമിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് രാഗി. മധ്യമേഖല നോഡൽ ഓഫീസറായി കോട്ടയം മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. വി. ഉണ്ണികൃഷ്ണൻ രാമചന്ദ്രനെയും അസിസ്റ്റന്റ് നോഡൽ ഓഫീസറായി ഡോ. നിഷിത മോഹൻ ഫിലിപ്പിനെയും തിരഞ്ഞെടുത്തു.
ഉത്തരമേഖല നോഡൽ ഓഫീസറായി കോഴിക്കോട് മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. വി. പി. അനീബ് രാജും അസിസ്റ്റന്റ് നോഡൽ ഓഫീസറായി ഡോ. ബിനോജ് പനെക്കാട്ടിലിനെയും തിരഞ്ഞെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവോടെയാണ് നിയമനം.
ദക്ഷിണമേഖല നോഡൽ ഓഫീസറായിരുന്ന ഡോ. എം. കെ. മോഹന്ദാസ് രാജി വെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ കെ-സോട്ടോയുടെ പ്രവർത്തനങ്ങളെ വിമർശിച്ചതിന് പിന്നാലെയായായിരുന്നു രാജി. കെ-സോട്ടോ നേതൃത്വത്തിലെ തർക്കം ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.