< Back
Kerala
sona

സോന

Kerala

കാട്ടാക്കടയില്‍ നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവം; അന്വേഷണം കാര്യക്ഷമമല്ലെന്ന് യുവതിയുടെ പിതാവ്

Web Desk
|
4 Aug 2023 7:25 AM IST

അന്വേഷണം തൃപ്തികരമല്ലെന്നും തന്‍റെ മകളുടെ മരണത്തിന്‍റെ യഥാര്‍ഥ കാരണം കണ്ടെത്തണമെന്നും പിതാവ് പ്രഭാകരന്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ നവവധു ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് മരിച്ച യുവതിയുടെ പിതാവ് രംഗത്ത്. അന്വേഷണം തൃപ്തികരമല്ലെന്നും തന്‍റെ മകളുടെ മരണത്തിന്‍റെ യഥാര്‍ഥ കാരണം കണ്ടെത്തണമെന്നും പിതാവ് പ്രഭാകരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈ രണ്ടിന് ഇരുപത്തിനാല് വയസുകാരിയായ സോനയെ ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സോനയുടെ മരണത്തിന് പിന്നാലെ മാതാപിതാക്കള്‍ ആരോപണവുമായി രംഗത്ത് വന്നിരുന്നു. ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു സോനയുടെ മൃതദേഹം. മകള്‍ ജീവനൊടുക്കില്ലെന്നും പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടാകുമെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. ഇത് കൃത്യമായ അന്വേഷണം നടത്തിയാല്‍ കണ്ടെത്താനാകുമെന്നും സോനയുടെ പിതാവ് പ്രഭാകരന്‍ പറയുന്നു. മകള്‍ മരിച്ച് ഒരുമാസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പ്രഭാകരന്‍ ആരോപിച്ചു. പൊലീസ് ഭര്‍ത്താവിനും കുടുംബത്തിനും സംരക്ഷണം നല്‍കുകയാണെന്ന് സോനയുടെ ബന്ധുക്കള്‍ പറയുന്നു.

കാട്ടാക്കട പൊലീസ് കേസ് ഗൗരവമായി അന്വേഷിക്കുന്നില്ലെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സോനയുടെ കുടുംബം പരാതി നല്‍കി. തന്റെ മകളുടെ മരണ വിവരം പോലും യഥാസമയത്ത് അറിയിച്ചില്ലെന്ന് പ്രഭാകരന്‍ നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു. ഭര്‍ത്താവില്‍ നിന്ന് സോന ശാരീരിക പീഡനം ഏറ്റിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ എല്ലാം വിശദമായി അന്വേഷിച്ച് സോനയുടെ മരണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് പ്രഭാകരന്‍റെ ആവശ്യം.

Similar Posts