< Back
Kerala
Newlywed Shahana Mumtaz death in Malappurams Kondotty case updates
Kerala

കൊണ്ടോട്ടി ഷഹാന മുംതാസ് മരണം: ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്

Web Desk
|
18 Jan 2025 12:59 PM IST

ഷഹാനയുടെ മരണത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു

മലപ്പുറം: നിറത്തിന്റെ പേരിൽ ഭർതൃവീട്ടുകാരിൽനിന്ന് അവഹേളനം നേരിട്ടതിനു പിന്നാലെയുള്ള നവവധുവിന്റെ ആത്മഹത്യയിൽ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്. ഷഹാന മുംതാസിന്റെ മരണത്തിലാണ് ഭർത്താവ് അബ്ദുൽ വാഹിദിനും വീട്ടുകാർക്കുമെതിരെ പൊലീസ് നടപടി. ഭർതൃപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണു പുതുതായി ചുമത്തിയത്.

ഷഹാനയുടെ മരണത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. സ്വമേധയാ കേസെടുക്കാൻ കമ്മിഷൻ ഡയറക്ടർക്കും സിഐക്കും ചെയർപേഴ്സൻ അഡ്വ. പി. സതീദേവി നിർദേശം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം യുവജന കമ്മീഷൻ പൊലീസിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. യുവജന കമ്മീഷൻ ചെയർമാനും അംഗങ്ങളും മലപ്പുറത്തെ ഷഹാനയുടെ വീട് സന്ദർശിക്കുകയും ചെയ്തു.

2024 മെയ് 27നായിരുന്നു ഷഹാനയുടെയും അബ്ദുൽ വാഹിദിന്റെയും നിക്കാഹ്. കല്യാണം കഴിഞ്ഞ് 20 ദിവസത്തിനുശേഷം വാഹിദ് ഗൾഫിലേക്ക് മടങ്ങിപ്പോയി. ഷഹാനയ്ക്കു നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭർത്താവും വീട്ടുകാരും നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും അപമാനിച്ചിരുന്നെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കൊണ്ടോട്ടി ഡിവൈഎസ്പി കെ.സി സേതുവാണ് കേസ് അന്വേഷിക്കുന്നത്.

Summary: Newlywed Shahana Mumtaz death in Malappuram's Kondotty case updates

Similar Posts