< Back
Kerala
Neyyattinkara Gopan Swamis death
Kerala

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി; കല്ലറ പൊളിച്ച് അന്വേഷണം നടത്താൻ പൊലീസ്

Web Desk
|
12 Jan 2025 6:37 AM IST

അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ പൊലീസ് കേസ് എടുത്തിരിക്കുന്നത്

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്താൻ ഒരുങ്ങി പോലീസ്. കലക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. നാളെയോ മറ്റെന്നാളോ കല്ലറ പൊളിച്ചേക്കും.

അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കഴിഞ്ഞദിവസം കലക്ടർക്ക് സമർപ്പിച്ചിരുന്നു. ജീവനോടെയാണോ സമാധി ഇരുത്തിയത് അതോ മരണശേഷമാണോ എന്നുള്ള കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച് മാത്രമായിരിക്കും പോലീസ് നീക്കം.

ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരാണ് രം​ഗത്തെത്തിയത്. അയൽവാസികൾ അറിയാതെ ഗൃഹനാഥന്‍റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചതിലാണ് നാട്ടുകാർ ദുരൂഹത ആരോപിക്കുന്നത്. ഗോപൻ സ്വാമി കിടപ്പിലായതുമുതൽ വീട്ടിൽ കലഹം പതിവാണ്. കിടപ്പിലായ അച്ഛനെ മക്കൾ ഉച്ചത്തിൽ ശകാരിച്ചിരുന്നു. കിടക്കയിൽ മൂത്രം ഒഴിച്ചതിനു ശകാരിച്ചെന്നും അയൽവാസി പറഞ്ഞു. അച്ഛൻ സമാധി ആയതാണെന്നും അത് പരസ്യമാക്കാൻ പാടില്ലെന്നാണ് മകന്‍റെ പ്രതികരണം. ​

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ഗോപൻ സ്വാമി മരിച്ചത്. മരണവിവരം ബന്ധുക്കളെയോ ജനപ്രതിനിധികളെയോ നാട്ടുകാരെയോ അറിയിച്ചില്ലെന്ന് അയൽവാസികൾ ആരോപിച്ചു. ഗോപൻ സ്വാമിയുടെ രണ്ടു മക്കൾ ചേർന്ന് മൃതദേഹം മറവുചെയ്തെന്നാണ് നാട്ടുകാരുടെ ആരോപണം. പൂജാരിയായ മക്കൾ സദാനന്ദനും രാജസേനനും ചേർന്നാണ് മൃതദേഹം മറവ് ചെയ്തത്. ഗോപൻ സ്വാമി സമാധിയായ എന്ന് പിന്നീട് പോസ്റ്റർ പതിക്കുകയും ചെയ്തു. പോസ്റ്റർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.

മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന പൂജ ഉള്ളതിനാലാണ് സമാധിയായ വിവരം ആരെയും അറിയിക്കാതിരുന്നത് എന്നാണ് കുടുംബത്തിന്‍റെ വാദം. വീടിനു സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തായിരുന്നു മൃതദേഹം സംസ്കരിച്ചത്.

Similar Posts