< Back
Kerala
മാനന്തവാടി സബ് ആർ.ടി ഓഫീസ് ജീവനക്കാരിയുടെ ആത്മഹത്യ: വകുപ്പുതല നടപടി കുറ്റക്കാരെ രക്ഷിക്കാനെന്ന് എന്‍.ജി.ഒ അസോസിയേഷൻ
Kerala

മാനന്തവാടി സബ് ആർ.ടി ഓഫീസ് ജീവനക്കാരിയുടെ ആത്മഹത്യ: വകുപ്പുതല നടപടി കുറ്റക്കാരെ രക്ഷിക്കാനെന്ന് എന്‍.ജി.ഒ അസോസിയേഷൻ

Web Desk
|
17 April 2022 7:15 AM IST

രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും ഡെപ്യൂട്ടി കമ്മീഷണറുടെ നടപടി സംശയകരമാണെന്നും സംഘടന ആരോപിച്ചു

വയനാട്: മാനന്തവാടി സബ് ആർ.ടി ഓഫീസ് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ വകുപ്പുതല നടപടി, കുറ്റക്കാരെ രക്ഷിക്കാനെന്ന് കേരള എന്‍.ജി.ഒ അസോസിയേഷൻ. ഓഫീസിലെ 11 മിനിസ്റ്റീരിയല്‍ ജീവനക്കാരെ മാത്രം സ്ഥലംമാറ്റാനുള്ള ശിപാര്‍ശ അഴിമതിക്കെതിരെ സിന്ധുവിനൊപ്പം നിന്നവരെ ശിക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും ഡെപ്യൂട്ടി കമ്മീഷണറുടെ നടപടി സംശയകരമാണെന്നും സംഘടന ആരോപിച്ചു.

ഈ മാസം ആറാം തിയ്യതിയാണ് മാനന്തവാടി സബ് ആർ.ടി ഓഫീസ് ജീവനക്കാരി സിന്ധുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഓഫീസിലെ അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാൽ ഉദ്യോഗസ്ഥരിൽ നിന്ന് ഏൽക്കേണ്ടിവന്ന മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമായതെന്നായിരുന്നു ആക്ഷേപം. മരിക്കുന്നതിന് ദിവസങ്ങൾക്കു മുമ്പ് സിന്ധുവും അഞ്ച് സഹപ്രവർത്തകരും വയനാട് ആര്‍.ടി.ഒ മോഹൻദാസിനെ കണ്ട് ഓഫീസിലെ പ്രയാസങ്ങളെ കുറിച്ച് പരാതി പറയുകയും ചെയ്തിരുന്നു. എന്നാൽ വകുപ്പുതല അന്വേഷണത്തിനൊടുവിൽ ഡെപ്യൂട്ടി കമ്മീഷണർ നൽകിയ ശിപാർശ, അഴിമതിക്കെതിരെ പരാതി പറഞ്ഞ ഈ ഉദ്യോഗസ്ഥരെ ശിക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നാണ് എന്‍.ജി.ഒ അസോസിയേഷന്‍റെ പ്രധാന ആക്ഷേപം.

പ്രധാന സീറ്റുകളിലെല്ലാം ഭരണകക്ഷി സംഘടനകളുടെ ആളുകളാണെന്നും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള പകപോക്കലാണ് ഇപ്പോൾ നടക്കുന്നതെന്നും പറഞ്ഞ സംഘടന, മാനന്തവാടി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നേരത്തെയും ഉയർന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. അഴിമതിക്കെതിരായ ആത്മാർഥതയുള്ള നടപടിയാണെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ മിനിസ്റ്റീരിയൽ, ടെക്നിക്കൽ വേർതിരിവുകളില്ലാതെ നടപടിയെടുക്കുകയാണ് വേണ്ടതെന്നും എന്‍.ജി.ഒ അസോസിയേഷൻ പറഞ്ഞു.

Related Tags :
Similar Posts