< Back
Kerala
കേസ് എടുത്തത്, കുറ്റകൃത്യം ചെയ്തിട്ടുണ്ടോയെന്ന സംശയം കൊണ്ട്;  കന്യാസ്ത്രീകളുടെ ജാമ്യവിധിയിൽ കോടതി
Kerala

'കേസ് എടുത്തത്, കുറ്റകൃത്യം ചെയ്തിട്ടുണ്ടോയെന്ന സംശയം കൊണ്ട്'; കന്യാസ്ത്രീകളുടെ ജാമ്യവിധിയിൽ കോടതി

Web Desk
|
2 Aug 2025 4:23 PM IST

കന്യാസ്ത്രീകൾക്ക് മുൻകാല കുറ്റകൃത്യ പശ്ചാത്തലമില്ല. ക്രിമിനൽ സ്വഭാവമുള്ളവരല്ല കന്യാസ്ത്രീകളെന്നും കോടതി

റായ്പൂര്‍: കുറ്റകൃത്യം ചെയ്തിട്ടുണ്ടോയെന്ന സംശയം കൊണ്ടാണ് ഛത്തിസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തതെന്ന് ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതി. മലയാളികളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്ക് ജാമ്യം അനുവദിച്ചു പുറത്തുവന്ന വിധിപ്പകർപ്പിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.

കന്യാസ്ത്രീകള്‍ക്ക് മുന്‍കാല കുറ്റകൃത്യ പശ്ചാത്തലമില്ല. ക്രിമിനല്‍ സ്വഭാവമുള്ളവരല്ല കന്യാസ്ത്രീകളെന്നും കോടതി നിരീക്ഷിച്ചു. മതപരിവര്‍ത്തനത്തിനോ മനുഷ്യക്കടത്തിനോ അല്ല കന്യാസ്ത്രീകള്‍ക്കൊപ്പം പോയത്, ഇക്കാര്യം യുവതികളുടെ മാതാപിതാക്കളുടെ സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തം. കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ കുട്ടിക്കാലം മുതല്‍ ക്രിസ്തുമത വിശ്വാസികളാണ്. കുറ്റകൃത്യം നിലനില്‍ക്കുമോ എന്ന് വിചാരണ വേളയില്‍ പരിശോധിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾക്കു തെളിവു കണ്ടെത്താത്തതിനാൽ ജാമ്യം അനുവദിക്കുന്നുവെന്നാണ് ഛത്തിസ്ഗഡിലെ ബിലാസ്പുരിലുള്ള എൻഐഎ കോടതി ജഡ്ജി സിറാജുദ്ദീൻ ഖുറേഷി വിധിപ്പകർപ്പിൽ വ്യക്തമാക്കിയത്. അതേസമയം അന്വേഷണത്തോട് സഹകരിക്കണമെന്നും പാസ്‌പോർട്ട് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകൾ ഹാജരാക്കണമെന്നും രാജ്യം വിടരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ ഹാജരാകണം. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ആൾജാമ്യത്തിലുമാണ് പുറത്തുവിടുന്നത്.

അറസ്റ്റിലായ കന്യാസ്ത്രീകൾ ജയിൽ ഇന്ന് വൈകീട്ട് നാല് മണിയോടെ മോചിതരായി. ഇന്ന് രാവിലെയാണ് എൻഐഎ കോടതി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. എട്ട് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കന്യാസ്ത്രീകൾ പുറത്തിറങ്ങുന്നത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും എംപിമാരും സഭാ അധികൃതരും കന്യാസ്ത്രീകളെ സ്വീകരിക്കാൻ എത്തിയിരുന്നു.

Similar Posts