< Back
Kerala
Two people were arrested in the incident of placing a telephone post on the railway track
Kerala

റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ്: പ്രതികളുടെ മൊഴിയെടുത്ത് എൻഐഎ

Web Desk
|
23 Feb 2025 8:48 AM IST

പ്രതികളായ അരുണിനെയും രാജേഷിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും

കൊല്ലം: കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച കേസിൽ എൻഐഎ പ്രതികളുടെ മൊഴിയെടുത്തു. റെയിൽവേ മധുര ആർപിഎഫ് വിഭാഗവും പ്രതികളെ ചോദ്യം ചെയ്തു. പ്രതികളായ അരുണിനെയും രാജേഷിനെയും ഞായറാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

പാലരുവി എക്സ്പ്രസ് അട്ടിമറിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ, പോസ്റ്റ് മുറിച്ചുവിൽക്കാൻ വേണ്ടിയാണ് പാളത്തിൽ കൊണ്ടുവെച്ചതെന്നാണ് പ്രതികളുടെ മൊഴി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്താനാണ് കേരള പൊലീസിന്റെ തീരുമാനം.

സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ സ്‌കൂട്ടറുമാണ് അന്വേഷണത്തിൽ നിർണായകമായത്. രണ്ട് ദിവസം മുമ്പ് സ്‌കൂട്ടറിൽ ഇവർ പ്രദേശത്ത് എത്തിയിരുന്നു. രാത്രികാല പരിശോധനയിൽ പൊലീസ് ഇവരെ കണ്ടിരുന്നു. ശനിയാഴ്ചത്തെ സിസിടിവി പരിശോധനയിൽ സ്‌കൂട്ടറിന്റെ ദൃശ്യങ്ങൾ കിട്ടി. സൈബർ സെല്ലിന്റെ അന്വേഷണത്തിൽ പ്രതികൾ പ്രദേശത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തമായി. പെരുമ്പുഴയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

നെടുമ്പായിക്കുളം പഴയ അഗ്നിരക്ഷാ നിലയത്തിന് സമീപത്തെ ട്രാക്കിലാണ് പോസ്റ്റ് എടുത്തുവെച്ചത്. ശനിയാഴ്ച പുലർച്ചെ 1.20ന് ട്രാക്ക് വഴി നടന്നുപോയവരാണ് കുണ്ടറ ഈസ്റ്റ് റെയിൽവേ സ്‌റ്റേഷനിലെ ഗേറ്റ് കീപ്പർ ആനന്ദിനെ കാര്യം വിളച്ച് അറിയിച്ചത്. ആനന്ദ് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് എത്തിയാണ് പോസ്റ്റ് മാറ്റിയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തി ആർപിഎഫ് ഉദ്യോഗസ്ഥർ പുലർച്ചെ 3.30ന് ട്രാക്കിൽ വീണ്ടും പോസ്റ്റിന്റെ ഭാഗം കണ്ടെത്തി. രണ്ടാം തവണ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെങ്കിൽ മിനിറ്റുകൾക്കകം കടന്നുപോകുന്ന തിരുനെൽവേലി - പാലരുവി എക്‌സ്പ്രസ് പോസ്റ്റിലിടിച്ച് വൻ ദുരന്തം ഉണ്ടാകുമായിരുന്നു.

Similar Posts